വർഷങ്ങളായി ദുബായിൽ കഴിഞ്ഞിരുന്ന മലയാളിയെ പാകിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്തു; പിന്നാലെ പുറത്തുവന്നത് ജയിലിനുള്ളിൽ മരിച്ചെന്ന വാർത്ത

Monday 22 May 2023 12:08 PM IST

പാലക്കാട്: പാകിസ്ഥാൻ ജയിലിനുള്ളിൽ മലയാളി മരിച്ചതായി വിവരം. കപ്പൂർ സ്വദേശി സുൾഫിക്കർ(48) കറാച്ചി ജയിലിൽ മരിച്ചതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇന്ന് പഞ്ചാബ് അതിർത്തിയായ അട്ടാറയിൽ എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് മരണ വിവരം കേരള പൊലീസിന് ലഭിക്കുന്നത്. അതിർത്തി ലംഘിച്ചെത്തിയ മത്സ്യത്തൊഴിലാളി എന്ന പേരിലാണ് പാകിസ്ഥാൻ പട്ടാളം സുൾഫിക്കറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കറാച്ചി ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. വർഷങ്ങളായി ദുബായിലായിരുന്ന സുൾഫിക്കറിനെക്കുറിച്ച് എൻഐഎ അടക്കമുള്ള ഏജൻസികൾ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്.