മലയാളത്തിന്റെ ഭാർഗവിക്കുട്ടി വിജയ നിർമ്മല ഓർമ്മയായി

Friday 28 June 2019 1:18 AM IST

 മൺമറഞ്ഞത് മലയാളത്തിലെ ആദ്യ വനിതാ സംവിധായികയായ തെന്നിന്ത്യൻ താരം

ഹൈദരാബാദ്: മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന അംഗീകാരം നേടിയ പ്രമുഖ തെന്നിന്ത്യൻ നടിയും നിർമ്മാതാവുമായ വിജയ നിർമ്മല (73) അന്തരിച്ചു. ഹൈദരാബാദ്‌ ഗച്ചിബൗളിയിലെ കോണ്ടിനെന്റൽ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 11ന് ഹൈദരാബാദിലെ വീട്ടുവളപ്പിൽ നടക്കും.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 200ഓളം സിനിമകളിൽ അഭിനയിച്ചു. ക്ലാസിക്‌ ചിത്രങ്ങളിലൊന്നായ 'ഭാർഗവി നിലയ'ത്തിലെ ഭാർഗവിക്കുട്ടി എന്ന നായികയെ അനശ്വരയാക്കിയ വിജയ നിർമ്മല റോസി, കല്യാണ രാത്രിയിൽ, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട,​ കല്യാണരാത്രി തുടങ്ങി 25 മലയാള ചിത്രങ്ങളിൽ വേഷമിട്ടു. വിവിധ ഭാഷകളിലായി 47 സിനിമകൾ സംവിധാനം ചെയ്തു. 2002ൽ ഏറ്റവുമധികം സിനിമ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റെക്കാഡ് നേടി. 1971ൽ 'മീന' എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്ത് ചുവടുറപ്പിച്ചത്. 'കവിത' യാണ് വിജയ നിർമ്മല സംവിധാനം ചെയ്ത ആദ്യ മലയാളചിത്രം. ഐ.വി. ശശിയുടെ സഹായത്തോടെയാണ് ഇത് നിർമ്മിച്ചത്. ശിവാജി ഗണേശനെ നായകനാക്കി സിനിമയെടുത്ത രണ്ട് വനിതാ സംവിധായകരിൽ ഒരാളുമാണ്. 2008 ൽ തെലുങ്കു സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് 'രഘുപതി വെങ്കയ്യ" പുരസ്കാരം നൽകി ആദരിച്ചു.1946 ഫെബ്രുവരി 20ന് തമിഴ്നാട്ടിൽ ജനിച്ചു. 1957ൽ തെലുങ്ക് സിനിമയിൽ ബാലതാരമായി അരങ്ങേറ്റം. 2009 ൽ പുറത്തിറങ്ങിയ 'നേരമു ശിക്ഷ"യാണ് അവസാനമായി സംവിധാനം ചെയ്ത സിനിമ. കൃഷ്ണമൂർത്തിയായിരുന്നു ആദ്യ ഭർത്താവ്. തെലുങ്ക് നടൻ നരേഷ് മകനാണ്. വിവാഹമോചനം നേടിയശേഷം തെലുങ്ക് താരം കൃഷ്ണ ഘട്ടമനേനിയെ വിവാഹം ചെയ്തു. പതിനഞ്ചോളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.