രാഖിശ്രീയും അർജുനും ഒരു വർഷത്തിലേറെയായി പ്രണയത്തിൽ, മരണത്തിന് തൊട്ടുമുൻപുള്ള കാര്യങ്ങൾ വരെ പെൺകുട്ടി മെസേജയച്ചു, ഇതായിരുന്നു അവസാന സന്ദേശം; ആരോപണം നിഷേധിച്ച് യുവാവിന്റെ കുടുംബം

Tuesday 23 May 2023 10:53 AM IST

തിരുവനന്തപുരം: ചിറയിൻകീഴ് സ്വദേശിനി രാഖിശ്രീ (16)യുടെ ആത്മഹത്യയിൽ പ്രതികരണവുമായി ആരോപണ വിധേയനായ അർജുന്റെ (28) കുടുംബം. അർജുൻ രാഖിശ്രീയെ ശല്യം ചെയ്തിട്ടില്ലെന്നും ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും യുവാവിന്റെ കുടുംബം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

എസ് എസ് എൽ സി പരീക്ഷയ്ക്ക് രാഖിശ്രീ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. തൊട്ടടുത്ത ദിവസമാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെ ചിറയിൻകീഴ് സ്വദേശിയായ അർജുനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖിശ്രീയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

അർജുൻ മകളെ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി ചെന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും രാഖിശ്രീയുടെ പിതാവ് ആരോപിച്ചിരുന്നു. ആറ് മാസം മുമ്പ് സ്‌കൂളിൽ നടന്ന ഒരു ക്യാമ്പിൽ വച്ചാണ് മകൾ യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്കൊരു മൊബൈൽ ഫോൺ നൽകി. വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാനുള്ള നമ്പറുകളും നൽകി. ഈ മാസം 16ന് ബസ് സ്റ്റോപ്പിൽ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാഖിശ്രീയുടെ പിതാവ് പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് ആരോപണം നിഷേധിച്ചുകൊണ്ട് അർജുന്റെ കുടുംബം രംഗത്തെത്തിയത്. ആരോപണം ഉയർന്നതിന് പിന്നാലെ അർജുൻ വീട്ടിൽ നിന്നിറങ്ങിപ്പോയെന്നും ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു.

'അർജുൻ രാഖിശ്രീയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല. ഒരു വർഷത്തിലധികമായി ഇരുവരും പ്രണയത്തിലാണ്. എസ് എസ് എൽ സിക്ക് ഫുൾ എ പ്ലസ് ലഭിച്ചതുമുതൽ മരണത്തിന് തൊട്ടുമുൻപുവരെയുള്ള കാര്യങ്ങൾ രാഖിശ്രീ അർജുന് വാട്‌സാപ്പിൽ മെസേജ് അയച്ചു. ബന്ധം വീട്ടിൽ അറിഞ്ഞതിനെക്കുറിച്ചുള്ള വിഷമങ്ങളാണ് അവസാനം അയച്ച സന്ദേശം."- അർജുന്റെ ബന്ധുക്കൾ വ്യക്തമാക്കി. ചാറ്റിന്റെ സ്‌ക്രീൻഷോട്ട് കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.