ഡ്രൈവർമാരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയാൻ രാഹുൽ ഗാന്ധി യാത്ര ചെയ്‌തത് ഈ വാഹനത്തിൽ, വേറെയാരും ഇങ്ങനെ ചെയ്യില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ

Tuesday 23 May 2023 10:54 AM IST

ചണ്ഡിഗഡ്: ഡൽഹിയിൽ നിന്ന് ചണ്ഡിഗഡിലേയ്ക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യാത്ര ചെയ്തത് ട്രക്കിൽ. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹരിയാനയിലെ അംബാലയിൽ നിന്നാണ് രാഹുൽ ട്രക്കിൽ കയറിയത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പ്രതികരണവുമായി രംഗത്തെത്തുകയാണ് കോൺഗ്രസ് പ്രവർത്തകർ.

രാഹുൽ ഗാന്ധി ട്രക്കിൽ യാത്ര ചെയ്തത് രാത്രിയിലുടനീളം വാഹനമോടിക്കുന്ന ട്രക്ക് ഡ്രൈവർമാർ നേരിടുന്ന പ്രശ്‌നങ്ങൾ ചോദിച്ചറിയാനായിരുന്നുവെന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ കോൺഗ്രസ് പ്രവർത്തകർ വിശദീകരിക്കുന്നത്. ഷിംലയിലുള്ള പ്രിയങ്ക ഗാന്ധിയെ കാണാൻ പോവുകയായിരുന്നു രാഹുലെന്നും വിവരമുണ്ട്.

ദേശീയ പാതയിൽ ട്രക്കിൽ യാത്ര ചെയ്ത് ഡ്രൈവർമാർ നേരിടുന്ന പ്രശ്‌നങ്ങൾ ചോദിച്ചറിയാൻ രാഹുൽ ഗാന്ധിയ്ക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് കോൺഗ്രസ് എം പി ഇമ്രാൻ പ്രതാപ്‌ഗാർഹി ട്വീറ്റ് ചെയ്തു.

ഈ രാജ്യത്തിന്റെ ശബ്ദം കേൾക്കാനും രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും പോരാട്ടങ്ങളും മനസിലാക്കാനും രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നുവെന്ന് മറ്റൊരു കോൺഗ്രസ് നേതാവായ സുപ്രിയ ശ്രിനാതെ ട്വീറ്റ് ചെയ്തു.

പിന്നീട് രാഹുൽ ഗാന്ധി ഗുരുദ്വാരയിലെത്തിയതായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ദൃശ്യങ്ങൾ പ്രചരിച്ചതോടെ രാഹുൽ ഗാന്ധിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. എന്തുചെയ്തും വോട്ട് നേടാനുള്ള ശ്രമമാണെന്ന് ചിലർ കുറ്റപ്പെടുത്തി. എന്നാൽ രാഹുലിൽ വ്യത്യസ്‌തമായ എന്തോ ഉണ്ടെന്ന് ചിലർ കമന്റ് ചെയ്തു. നിരവധി പേർ രാഹുൽ ഗാന്ധിയ്ക്ക് ജയ് വിളിച്ചു.