ഇപ്പോൾ അനുഭവിക്കുന്നതൊന്നും വരാൻ പോകുന്നതിനുമുന്നിൽ ഒന്നുമല്ല, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ ദുരന്തം, മുന്നറിയിപ്പ്

Tuesday 23 May 2023 12:36 PM IST

ന്യൂയോർക്ക് : ഭൂമിയിൽ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്നിൽ കൂടുതൽ മനുഷ്യർ 2100ഓടെ നേരിടുക അതികഠിനവും ജീവന് ഭീഷണിയായേക്കാവുന്നതുമായ കൊടുംചൂടെന്ന് പഠന റിപ്പോർട്ട്. ആഗോള താപനത്തെ തടയാൻ നടത്തുന്ന ശ്രമങ്ങൾ ഫലം കണ്ടില്ലെങ്കിലാണ് ഇങ്ങനെ സംഭവിക്കുക.

ഇന്ത്യ, നൈജീരിയ, ഇൻഡോനേഷ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ തുടങ്ങി ജനസംഖ്യ കൂടിയ രാജ്യങ്ങളിലാണ് കൊടുംചൂട് ജനജീവിതം പ്രതിസന്ധിയിലാക്കുകയെന്നാണ് നിഗമനം. നിലവിൽ ഉയർന്ന ഉഷ്ണതരംഗവും കാട്ടുതീയും ലോകത്തിന്റെ പലഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത് ആശങ്കകൾക്കിടയാക്കുന്നുണ്ട്.

പലയിടത്തും കഠിനമായ വരൾച്ചയും നേരിടുന്നുണ്ട്. കഴിഞ്ഞ എട്ട് വർഷങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയവ ആയിരുന്നു. കാലാവസ്ഥ വ്യതിയാനം തടയാനുള്ള മാർഗ്ഗങ്ങൾ ലോകരാജ്യങ്ങൾ ഗൗരവമായി കണ്ട് പ്രാവർത്തികമാക്കിയില്ലെങ്കിൽ പ്രത്യാഘാതം മനുഷ്യ ജീവനെ അപകടത്തിലാക്കുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.