ഇനി നിലവാരം കുറഞ്ഞാൽ നടപടി; റോഡിലെ ഓരോ കുഴിയ്ക്കും ഒരു ലക്ഷം രൂപ വീതം പിഴ
മുംബയ്: റോഡിലെ ഒരു കുഴിയ്ക്ക് ഒരു ലക്ഷം രൂപ വീതം കരാറുകാരനിൽ നിന്ന് പിഴയായി ഈടാക്കും. മുംബയിലെ താനെ നഗരസഭയിലാണ് ഇത്തരം ഒരു കരാർ നടപ്പാക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
താനെയിൽ 134 കിലോമീറ്റർ റോഡുകളുടെ വികസനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 'റോഡ് പണി പൂർത്തിയാക്കുന്നതിൽ മാത്രമല്ല റോഡിന്റെ ഗുണനിലവാരത്തിലും ശ്രദ്ധിക്കുന്നുണ്ട്. പുതിയതായി നിർമ്മിക്കുന്ന റോഡിലെ ഓരോ കുഴിക്കും ഒരു ലക്ഷം രൂപ വീതം കരാറുകാരൻ പിഴയായി നൽകണമെന്ന് വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കരാർ നിലവാരം കുറഞ്ഞ റോഡ് നിർമ്മാണത്തിന് തടയിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്' മുഖ്യമന്ത്രി പറഞ്ഞു.
റോഡുകളുടെ നിലവാരം കുറഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും കൂടാതെ നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോയാൽ അനുമോദനവും നൽകുമെന്ന് ഷിൻഡെ അറിയിച്ചു.