പാർലമെന്റ് ഉദ്ഘാടനത്തിന് എം പിമാർക്ക് ക്ഷണക്കത്ത്, പ്രതിഷേധിച്ച് വിട്ടുനിൽക്കാനൊരുങ്ങി പ്രതിപക്ഷ കക്ഷികൾ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പ്രതിപക്ഷ കക്ഷികൾ ഒന്നാകെ വിട്ടു നിൽക്കാൻ സാദ്ധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന്റെ പേരിലും അതിനായി സവർക്കറുടെ ജന്മദിനം തന്നെ തിരഞ്ഞെടുത്തതിലും വിവിധ പ്രതിപക്ഷ പാർട്ടികൾ വിമർശനമുന്നയിച്ചിരുന്നു. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ വിഷയത്തിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ വിവാദത്തിനിടയിലും കേന്ദ്രസർക്കാർ പാർലമെന്റ് ഉദ്ഘാടനത്തിന് മുന്നോടിയായുള്ള നീക്കങ്ങളുമായി സജീവമാണ്. ഈ മാസം 28ന് നിശ്ചയിച്ചിരിക്കുന്ന ഉദ്ഘാടന ചടങ്ങിലേയ്ക്കുള്ള ക്ഷണക്കത്ത് ഇതിനോടകം തന്നെ എം പിമാർക്ക് ലഭിച്ചു.
പാർലമെന്റ് ഉദ്ഘാടകനായി രാഷ്ട്രതിയെ ഒഴിവാക്കി പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ആംആദ്മിയും തൃണമൂൽ കോൺഗ്രസും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും. കോൺഗ്രസും ഇടത് പക്ഷവും ഇതേ നിലപാട് സ്വീകരിക്കുമെന്നാണ് വിവരം. അതേസമയം പാർലമെന്റ് ഉദ്ഘാടനത്തിന്റെ പേരിലെ തർക്കം കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാദപ്രതിവാദത്തിലേയ്ക്ക് നയിച്ചിരുന്നു.
പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ കേന്ദ്രസർക്കാർ രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് അനാദരവ് കാണിച്ചെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആരോപിച്ചു. ബി.ജെ.പി സർക്കാരിന് കീഴിൽ ഇന്ത്യൻ രാഷ്ട്രപതിയുടെ ഓഫീസ് വെറും ടോക്കൺ(പ്രതീകം) ആയി ചുരുങ്ങിയെന്നും ഖാർഗെ കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി ദുശ്ശകുനം
പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെ എതിർക്കുന്ന രാഹുൽ ഗാന്ധി ശുഭമുഹൂർത്തത്തിൽ ദുശ്ശകുനമാകുകയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. രാജ്യത്ത് ചരിത്ര സംഭവങ്ങളുണ്ടാകുമ്പോൾ നെഞ്ചത്തടിച്ച് കരയുന്നത് രാഹുലിന്റെ രീതിയാണെന്നും ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
ലോക്‌സഭാംഗത്വം റദ്ദായതിനാൽ ജനാധിപത്യത്തിന്റെ ശ്രീകോവിലായി പുതിയ പാർലമെന്റ് മന്ദിരം മാറുന്ന ചരിത്ര നിമിഷത്തെ സ്വാഗതം ചെയ്യാൻ കഴിയാത്തതിന്റെ നിരാശയാണ് രാഹുലിനെന്നും ഭാട്ടിയ പറഞ്ഞു.