സിസോദിയയോട് മോശമായി പെരുമാറി: ആം ആദ്മി, കസ്റ്റഡി ജൂൺ ഒന്ന് വരെ നീട്ടി

Wednesday 24 May 2023 1:28 AM IST

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കവേ,​ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് ഡൽഹി പൊലീസ് മോശമായി പെരുമാറിയെന്ന് ആം ആദ്മി പാർട്ടിയുടെ ആരോപണം. ജുഡിഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സിസോദിയയെ ഡൽഹി റോസ് അവന്യു കോടതിയിൽ എത്തിച്ചത്.

അതിനിടെ, ഡൽഹി അധികാരത്തർക്കവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഓർഡിനൻസിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യം പിന്തുടരാത്ത അഹങ്കാരിയായി മാറിയെന്ന് സിസോദിയ പ്രതികരിച്ചു. ഇതിനിടെ, സിസോദിയയെ പൊലീസ് കഴുത്തിന് കുത്തിപ്പിടിച്ച് അവിടെ നിന്ന് നീക്കുകയായിരുന്നു. ഈ നടപടിക്ക് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും വിദ്യാഭ്യാസ മന്ത്രി അതിഷിയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സിസോദിയയോട് ഈ വിധം പെരുമാറാൻ ഡൽഹി പൊലീസിന് അവകാശമുണ്ടോയെന്ന് കേജ്‌രിവാൾ ആരാഞ്ഞു. ഇങ്ങനെ മോശമായി കൈകാര്യം ചെയ്യാൻ മുകളിൽ നിന്ന് നിർദ്ദേശമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യണമെന്ന് അതിഷി ആവശ്യപ്പെട്ടു. കേസിൽ സിസോദിയയുടെ ജുഡിഷ്യൽ കസ്റ്റഡി ജൂൺ ഒന്ന് വരെ കോടതി നീട്ടി. സിസോദിയയുടെ ആവശ്യപ്രകാരം സ്റ്റഡി ടേബിളും കസേരയും അനുവദിക്കുന്നത് പരിഗണിക്കാൻ തീഹാർ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകുകയും ചെയ്തു.

പൊലീസ് വിശദീകരണം

അതിനിടെ സിസോദിയയോട് മോശമായി പെരുമാറിയെന്ന ആരോപണം ഡൽഹി പൊലീസ് തള്ളി. ആരോപണങ്ങൾ പ്രചാരവേലയുടെ ഭാഗമാണ്. ജുഡിഷ്യൽ കസ്റ്റഡിയിലുളള പ്രതി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് നിയമത്തിന് എതിരാണ്. സുരക്ഷാ കാരണങ്ങളാലാണ് പൊലീസ് ഉദ്യോഗസ്ഥൻ മനീഷ് സിസോദിയയെ വിലക്കിയതെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.