'ഞാൻ മരിച്ചു എന്ന വാർത്ത വ്യാജമായിരുന്നു'; ഫുട്ബോൾ ഇതിഹാസത്തിന്റെ സമൂഹമാദ്ധ്യമത്തിൽ നിന്ന് വിചിത്ര സന്ദേശം, അതിശയിച്ച് ആരാധകർ
ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. ഇതോടെ അക്കൗണ്ടിൽ നിന്നും വിചിത്രമായ സന്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ ആരാധകർ വലിയ രീതിയിൽ വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം പുറത്ത് വന്നത്. മറഡോണയുടെ കുടുംബവും സമൂഹമാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന ടീമും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം സ്ഥിരീകരിച്ചു. അക്കൗണ്ടിൽ വന്നുകൊണ്ടിരിക്കുന്ന പോസ്റ്റുകളെ അവഗണിക്കണമെന്നും കുടുംബം ആരാധകരോട് അഭ്യർത്ഥിച്ചു. അക്കൗണ്ട് തിരിച്ച് പിടിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും മറഡോണയുടെ കുടുംബം വ്യക്തമാക്കി.
പല തരത്തിലുള്ള പോസ്റ്റുകളാണ് ഇതിനോടകം മറഡോണയുടെ അക്കൗണ്ടിൽ നിറഞ്ഞത്. 'നിങ്ങൾക്ക് അറിയാമോ ഞാൻ മരിച്ചു എന്ന വാർത്ത വ്യാജമായിരുന്നു' എന്ന സന്ദേശമാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.