പ്രചരിച്ച വാർത്തകളെല്ലാം വ്യാജം; ആശുപത്രിയിലല്ല മറിച്ച് ഗരുഡന്റെ ലൊക്കേഷനിലുണ്ടെന്ന് സുരേഷ് ഗോപി

Wednesday 24 May 2023 12:10 PM IST

തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണന്ന് നടൻ സുരേഷ് ഗോപി. 'ദൈവാനുഗ്രഹത്താൽ പൂർണമായും ആരോഗ്യവാനാണ്. ആലുവ യു സി കോളേജിൽ ഗരുഡൻ എന്ന സിനിമയുടെ ലോക്കേഷനിലാണിപ്പോൾ. എല്ലാ മെസേജുകൾക്കും ആശീർവാദങ്ങൾക്കും നന്ദി'- സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യകതമാക്കി.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28ാമത് ചിത്രമാണ് ഗരുഡൻ. സുരേഷ് ഗോപിയും ബിജുമേനോനും ലിസ്റ്റിൻ സ്റ്റീഫനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ അരുൺ വർമ്മയാണ് സംവിധായകൻ. മിഥുൻ മാനുവലിന്റേതാണ് തിരക്കഥ. ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രത്തിന് ഏറെ പ്രത്യേകതകളുണ്ട്.

അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. സുരേഷ് ഗോപിയുടെ പാപ്പൻ എന്ന ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് അജയ് ആയിരുന്നു. ജിനേഷ് എമ്മിന്റേതാണ് കഥ . ജനഗണമന, കടുവ എന്നീ ചിത്രങ്ങൾക്ക് ശേഷം ജെയ്ക്സ് ബിജോയ് വീണ്ടും മാജിക്‌ ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു. കടുവയിലെ പാലാപ്പള്ളി തിരുപ്പുള്ളി എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനത്തിന്റെ വീഡിയോ ജെയ്ക്സിനു വേണ്ടി ചെയ്തത് ഈ ചിത്രത്തിന്റെ സംവിധായകൻ അരുൺ വർമ്മയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.