ആറുവർഷം മുൻപ് ടെറസിൽ നിന്നുവീണു, ജീവിതം വീൽചെയറിൽ; ആക്‌സിഡന്റിന്റെ രൂപത്തിൽ പിന്നെയും വിധിയെത്തിയിട്ടും പോരാടിയ ഷെറിന് ഇന്ന് സിവിൽ സർവീസിൽ ഉന്നത വിജയം

Wednesday 24 May 2023 1:26 PM IST

ആറ് വർഷം മുമ്പ് വിധി സമ്മാനിച്ച കടുത്ത വേദനകളോട് വീൽ ചെയറിലിരുന്ന് പട പൊരുതി ഷെറിൻ ഷഹാന (28) നേടിയത് സിവിൽ സർവീസ് സ്വപ്നം. ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ വയനാട് കമ്പളക്കാട് കെൽട്രോൺ വളവിലെ തേനൂട്ടിക്കല്ലിങ്ങൽ പരേതനായ ടി.കെ. ഉസ്മാന്റെയും ആമിനയുടെയും ഇളയ മകൾ ഷെറിൻ ഷഹാനയ്ക്ക് 913ാം റാങ്കിന്റെ തിളക്കം.

പൊളിറ്റിക്കൽ സയൻസിൽ നെറ്റും ജെ.ആർ.എഫും നേടിയ ഷഹാന മലയാളത്തിലാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാഡമിയിലായിരുന്നു പരിശീലനം. അബ്സല്യൂട്ട് ഐ.എ.എസ് അക്കാഡമി 'ചിത്രശലഭം"പദ്ധതിയിലെ ആദ്യ ബാച്ചിലെ 25 പേരിൽ ഒരാളാണ് ഷഹാന.

ഇരുപത്തിരണ്ടാം വയസിലാണ് വീടിന്റെ ടെറസിൽ നിന്ന് വീണ് ഷെറിൻ ഷഹാനയ്ക്ക് പരിക്ക് പറ്റിയത്. വീടിന്റെ ടെറസിൽ ഉണക്കാനിട്ട വസ്ത്രം എടുക്കാൻ കയറവെ കാൽ വഴുതി താഴെ വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷെറിൻ രണ്ട് വർഷത്തോളം കിടപ്പിലായിരുന്നു. വീൽ ചെയറിലായി പിന്നീടുളള ജീവിതം.

വിധിയോട് പട പൊരുതാനുറച്ച ഷെറിൻ നെറ്റും, ജെ.ആർ.എഫും നേടി. സിവിൽ സർവീസായി അടുത്ത സ്വപ്നം. പഠിക്കാൻ മിടുക്കിയാണെന്ന് അറിഞ്ഞ മുൻ എം.എൽ എ സി.കെ. ശശീന്ദ്രൻ താത്പര്യമെടുത്താണ് ഷെറീന് സർക്കാരിൽ നിന്ന് എല്ലാ സൗകര്യവുമുളള വീൽ ചെയർ അനുവദിച്ചത്. എട്ട് വർഷം മുമ്പുണ്ടായ ഉപ്പയുടെ മരണവും കുടുംബത്തിലെ ദാരിദ്ര്യവും ശാരീരിക ക്ളേശങ്ങളും ഷെറിന്റെ മനോവീര്യം കെടുത്തിയില്ല.

ഐ.എ.എസ് സ്വപ്നം കരഗതമാവുമ്പോഴും ഷെറിനെ വിധി പിന്തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ഷെറിൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കോഴിക്കോട് നിന്നുളള യാത്രക്കിടെ താമരശ്ശേരിയിൽ വച്ചായിരുന്നു അപകടം. ഉമ്മയ്ക്കും ഷെറിനും പരിക്ക് പറ്റി. പെരിന്തൽമണ്ണ ആശുപത്രിയിൽ കഴിയുമ്പോഴാണ് സിവിൽ സർവീസ് പരീക്ഷയിലെ റാങ്ക് വിവരം ഇന്നലെ ഷെറിനെ തേടിയെത്തിയത്. ഉമ്മയും കൂടപ്പിറപ്പുകളുമാണ് ഷെറിന് എല്ലാവിധ പിന്തുണയും നൽകി ഒപ്പം നിൽക്കുന്നത്.