സംസ്ഥാനത്ത് വിവാഹേതര ബന്ധങ്ങൾ ഏറ്റവും കൂടുതൽ ഈ ജില്ലയിൽ; വെളിപ്പെടുത്തി വനിതാ കമ്മീഷൻ

Wednesday 24 May 2023 3:08 PM IST

കാസർകോട്: വിവാഹേതര ബന്ധങ്ങളും വിവാഹ മോചനങ്ങളും ഏറ്റവും കൂടുതലുള്ള ജില്ലയുടെ പേര് വെളിപ്പെടുത്തി കേരള വനിതാ കമ്മീഷൻ. കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിവാഹേതര ബന്ധങ്ങൾ ഉണ്ടാകുന്നതെന്നും ഇത് ദാമ്പത്യ തകർച്ചയ്ക്കും വിവാഹമോചനങ്ങൾക്കും വഴിയൊരുക്കുന്നുവെന്നുമാണ് വനിതാ കമ്മീഷൻ അറിയിച്ചത്.

കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അ‌ഡ‌്വ. പി സതീദേവിയുടെ നേതൃത്വത്തിൽ നടന്ന സിറ്റിംഗിൽ 31 പരാതികളാണ് കഴിഞ്ഞ ദിവസം പരിഗണിച്ചത്. ഇവയിൽ പത്ത് കേസുകൾ തീർപ്പാക്കി. മൂന്നെണ്ണത്തിൽ വനിതാ കമ്മീഷൻ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് കേസുകളിൽ കൗൺസിലിംഗിന് നിർദേശിച്ചിട്ടുണ്ട്. ഗാർഹിക പീഡനം, വഴിത്തർക്കം എന്നിവ സംബന്ധിച്ചതാണ് മറ്റ് പരാതികൾ.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും പ്രീമാരിറ്റല്‍ കൗണ്‍സിലിംഗിന് വിധേയമായിരിക്കണമെന്നും സ്‌കൂളുകളിലും കോളേജുകളിലും കൗണ്‍സിലിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പോസ്റ്റ്-മാരിറ്റല്‍ കൗണ്‍സിലിംഗ്, ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഇതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ പഞ്ചായത്തുകളിലോ അങ്കണവാടികളിലോ ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വനിതാ കമ്മീഷന്‍ വിശദമാക്കി.

പാനല്‍ അംഗങ്ങളായ അഡ്വ. പി കുഞ്ഞയിഷ, അഡ്വ.സിന്ധു, വനിതാ പൊലീസ് സെല്‍ എസ്ഐ ടി കെ ചന്ദ്രിക, ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ കൗണ്‍സിലര്‍ രമ്യ ശ്രീനിവാസന്‍, വനിതാ സെല്‍ സിപിഒ ടി ഷീന, കമ്മീഷന്‍ ബൈജു ശ്രീധരന്‍, മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.