സൗജന്യമായി ടിക്കറ്റുകൾക്കൊപ്പം അവധിയും നൽകി;  'ദ  കേരള  സ്റ്റോറി'  കാണാൻ വിദ്യാർത്ഥിനികളെ നിർബന്ധിച്ച് കോളേജ്

Wednesday 24 May 2023 6:33 PM IST

ബംഗളൂരു: വിവാദ ചിത്രം 'ദ കേരള സ്റ്റോറി' കാണാൻ വിദ്യാർത്ഥിനികളെ നിർബന്ധിച്ചതായി വിവരം. കർണാടക ഇൽകലിലെ എസ് വി എം ആയുർവേദിക് മെഡിക്കൽ കോളേജിലാണ് സംഭവം. സ്ഥാപനത്തിലെ പ്രിൻസിപ്പൽ ഡോക്ടർ കെ സി ദാസാണ് ഇതിനെക്കുറിച്ച് നോട്ടീസ് ഇറക്കിയത്. എല്ലാ വിദ്യാർത്ഥിനികളും ശ്രീനിവാസ് ടാക്കീസിൽ പോയി സിനിമ കാണാണമെന്നും ടിക്കറ്റ് സൗജന്യമാണെന്നും നോട്ടീസിൽ പറയുന്നു. കൂടാതെ ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസും ഇതിനായി നിർത്തിവച്ചു. ബി എ എം എസ്, പി ജി കോഴ്സുകളിലെ വിദ്യാർത്ഥിനികളെയാണ് കോളേജ് മാനേജ്മെന്റ് സിനിമ കാണാൻ നിർബന്ധിച്ചത്.

മേയ് അഞ്ചിനാണ് സുദീപ്‌തോ സെൻ സംവിധാനം ചെയ്ത 'ദ കേരള സ്റ്റോറി' തിയേറ്ററിൽ എത്തിയത്. ഇതിൽ കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാകുന്നതിനെ കുറിച്ചും പിന്നെ അവരെ ഐസിസിൽ ചേർത്തെന്നുമുള്ള ആരോപണങ്ങൾ സിനിമയിൽ ഉയരുന്നുണ്ട്. ഇതാണ് സിനിമയുടെ വിവാദത്തിന് കാരണമായത്.

അതേസമയം, 'ദ കേരള സ്റ്റോറി സിനിമ പശ്ചിമ ബംഗാളിൽ നിരോധിച്ച നടപടി സുപ്രീംകോടതി സ്റ്റേ ചെയ്‌തിരുന്നു. പ്രഥമദൃഷ്‌ട്യാ തന്നെ പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടി നിലനിൽക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്കും, സിനിമ കാണാനെത്തുന്ന പ്രേക്ഷകർക്കും സംരക്ഷണമൊരുക്കാൻ പശ്ചിമബംഗാൾ, തമിഴ്നാട് സർക്കാരുകൾക്ക് കോടതി നിർദ്ദേശം നൽകി. സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാൻ തയാറാകാത്ത കേരള, കൽക്കട്ട ഹൈക്കോടതികളുടെ നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ വേനൽ അവധിക്ക് ശേഷം ജൂലായ് മാസം പരിഗണിക്കും.

Advertisement
Advertisement