ഫുട്ബാൾ ആവേശംപോലെ സിവിൽ സർവീസ് പരീക്ഷയും

Thursday 25 May 2023 4:47 AM IST

 ഒന്നാംറാങ്ക് നേടിയ ഇഷിതയ്ക്ക് ഫുട്ബാളിനോട് ഏറെയിഷ്ടം

ന്യൂഡ‌ൽഹി: മികച്ച ഫുട്ബാൾ കളിക്കാരി കൂടിയായ ഇഷിത കിഷോർ അതേ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് സിവിൽ സർവീസ് പരീക്ഷയെ സമീപിച്ചത്. ആദ്യ രണ്ടുതവണ പ്രിലിമിനറി പരീക്ഷപോലും കടന്നില്ലെങ്കിലും പിന്മാറിയില്ല. മൂന്നാം ശ്രമത്തിൽ ഒന്നാം റാങ്കോടെ രാജ്യത്തിന്റെ അഭിമാനമായി.

ഈ നേട്ടത്തോട് ഇഷിത പ്രതികരിച്ചതും ഫുട്ബാൾ മത്സരവുമായി ബന്ധപ്പെടുത്തി തന്നെ. 'ഫുട്ബാൾ കളിക്കുമ്പോൾ വിജയവും പരാജയവും ഉണ്ടാകാം. അതെന്തായാലും കളിക്ക് കൂടുതൽ ആവേശം പകരണം. ഒരിക്കൽ തോറ്റാൽ നല്ല കളിക്കാർ പരാജയകാരണം മനസ്സിലാക്കി അടുത്ത വട്ടം കൂടുതൽ മികവോടെ കളിക്കും. ആ ആവേശം ഞാൻ സിവിൽ സർവീസ് പഠനത്തിലും പിന്തുടർന്നു'.

രാജ്യത്തെ സേവിക്കാൻ സിവിൽ സർവീസ് പോലൊരു വിശാലമായ ഇടം ആവശ്യണ്. കളി വിജയിക്കാൻ എല്ലാ അംഗങ്ങളുടെയും സഹകരണം വേണമെന്നതുപോലെ ഔദ്യോഗിക ജീവിതത്തിലും ഞാനത് പ്രയോജനപ്പെടുത്തുമെന്നും ഇഷിത പറഞ്ഞു.


ഫുട്ബാളിൽ മാത്രമല്ല വോളിബാളിലും മികവ് തെളിയിച്ച് മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മധുബനി ചിത്രകല ഉൾപ്പെടെ കലാരംഗത്തും മികവു കാട്ടി. ഡൽഹി എയർഫോഴ്‌സ് ബാൽ ഭാരതി സ്കൂളിൽനിന്ന് സ്കൂൾ ടോപ്പർ, ബെസ്റ്റ് സ്റ്റുഡന്റ് അംഗീകാരങ്ങളോടെയാണ് പ്ലസ്ടു പൂർത്തിയാക്കിയത്. 2017ൽ ഡൽഹി സർവകലാശാലയ്ക്കു കീഴിലെ ശ്രീറാം കോളേജ് ഒഫ് കൊമേഴ്സിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ അതേവർഷം ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയിൽ ജോലിയും ലഭിച്ചു. പിന്നീട് സിവിൽ സർവീസ് പഠനത്തിനായി ജോലി ഉപേക്ഷിച്ചു.

ദിവസം എട്ട്- ഒൻപത് മണിക്കൂർ പഠനത്തിനായി മാറ്റിവച്ചു. പൊളിറ്റിക്കൽ സയൻസും ഇന്റർനാഷണൽ റിലേഷൻസുമായിരുന്നു സിവിൽ സർവീസിന്റെ പ്രധാന വിഷയങ്ങൾ. 'ഉത്തർപ്രദേശ് കേഡറാണ് ആദ്യ ചോയ്‌സ്. ലോകത്തിന്റെ നെറുകയിൽ നിൽക്കുന്നുവെന്ന തോന്നലാണിപ്പോൾ, വലിയൊരു സ്വപ്നം കൈയെത്തി പിടിച്ചു'- ഒന്നാം റാങ്ക് നേട്ടത്തെക്കുറിച്ച് 26കാരിയായ ഇഷിതയുടെ പ്രതികരണം ഇതായിരുന്നു.

അമ്മയുടെ തുച്ഛവരുമാനത്തിൽ പഠനം

ബീഹാർ സ്വദേശിയാണ് ഇഷിത. നാവിക സേനയിൽ വിംഗ് കമാൻഡറായിരുന്നു പിതാവ് സഞ്ജയ് കിഷോർ. അദ്ദേഹം തെലങ്കാനയിലെ സെക്കന്തരാബാദിൽ ജോലി ചെയ്യുമ്പോഴാണ് ഇഷിതയുടെ ജനനം. 2004ൽ, ഇഷിതയ്ക്ക് എട്ടു വയസുള്ളപ്പോൾ പിതാവ് മരിച്ചു. ആൻഡമാനിലെ പോർട്ട് ബ്ലയറിലായിരുന്നു അദ്ദേഹം അവസാനമായി ജോലി ചെയ്തത്. പിന്നീട് അമ്മ ജ്യോതി കിഷോറിന്റെ തണലിലായി ഇഷിതയുടെയും അനുജൻ ഇഷാൻ ഹർഷിന്റെയും ജീവിതം. മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാൻ ഡൽഹിയിൽ താമസമാക്കി. അവിടെ ഒരു സ്വകാര്യ സ്കൂളിൽ ജ്യോതി അദ്ധ്യാപികയായി. അതിൽ നിന്ന് ലഭിച്ച തുച്ഛമായ വരുമാനത്തിലായിരുന്നു ഇഷിതയുടെയും അനുജന്റെയും പഠനം.

Advertisement
Advertisement