രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വാഴക്കുലകൾ മാത്രം മോഷണം പോകുന്ന ഒരു നാട്; ഒടുവിൽ സംഭവത്തിന് പിന്നിലെ വിരുതനെ കയ്യോടെ പൊക്കി പൊലീസ്
Thursday 25 May 2023 12:16 PM IST
ചാലക്കുടി: സ്ഥിരമായി വാഴക്കുലകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്ന വിരുതൻ ഒടുവിൽ പൊലീസ് പിടിയിലായി. മേച്ചിറയിലെ തോട്ടത്തിൽ നിന്നും ഏത്തവാഴക്കുലകൾ വെട്ടിക്കൊണ്ടുപോയ പരിസരവാസിയായ തളിക്കാട്ടിൽ വീട്ടിൽ സുരേഷ് (60) ആണ് അറസ്റ്റിലായത്.
കോർമല സ്വദേശി വടശ്ശേരി ഔസേപ്പ് മേച്ചിറയിൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സ്ഥലത്തായിരുന്നു ഇയാൾ കഴിഞ്ഞ 25 ദിവസമായി മോഷണം നടത്തിയിരുന്നത്. പട്ടാപ്പകൽ രണ്ടും മൂന്നും കുലകൾ വെട്ടി ഏതെങ്കിലും വാഹനത്തിൽ കയറ്റിയാണ് കൊണ്ടുപോയിരുന്നത്. കർഷകനെന്ന വ്യാജേനെയാണ് ഇയാൾ കുലകൾ മോഷ്ടിച്ചിരുന്നത്. പതിനായിരത്തിലധികം രൂപയോളം വില വരുന്ന വാഴക്കുലകൾ പരിസരത്തെ കടകളിലാണ് വിൽപ്പന നടത്തിയതും. നിരവധി കുലകൾ മോഷണം പോയതോടെയാണ് ഔസേപ്പ് പൊലീസിൽ പരാതി നൽകിയത്. എസ്.ഐമാരായ ഷബീബ് റഹ്മാൻ, സി.വി. ഡേവിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.