ചുമരിൽ പന്തെറിഞ്ഞാൽ കോഹ് ലി; വിസ്മയമായി വീണ്ടും അനജ്

Thursday 25 May 2023 10:29 PM IST

കണ്ണൂർ: ഇഷ്ട താരം വീരാട് കോഹ് ലിയെ ചുമരിൽ ബാൾ എറിഞ്ഞു കൊണ്ട് വരച്ച് വീണ്ടും വിസ്മയം തീർത്തിരിക്കുകയാണ് അനജ്. കടുത്ത കോഹ്‌ ലി ആരാധകനാണ് അനജ്. ഇതിനു മുൻപും മരപ്പൊടിയിൽ കാലു കൊണ്ട് ചിത്രം വരച്ചു ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കണ്ണൂർ എസ്.എൻ കോളേജ് ബി.എ. ഹിസ്റ്ററി വിദ്യാർത്ഥി ആണ്.

ആശാവർക്കർ വിദ്യ ജോണിന്റെ മകനായ അനജ് നിരവധി സിനിമാ താരങ്ങളെയും ഫുട്ബാൾ താരങ്ങളെയും മരപ്പൊടിയിൽ കാൽ കൊണ്ട് വരച്ചു അവരുടെ പ്രശംസ ഏറ്റുവാങ്ങിയിരിന്നു. മോഹൻലാൽ, അസിഫ് അലി, മഞ്ജു വാര്യർ, ടോവിനോ തോമസ് തുടങ്ങി നിരവധി പേരാണ് അനജിന് പ്രശംസ അറിയിച്ചത്. മെസിക്ക് ആദരവ് അറിയിച്ചു കൊണ്ട് കാലുകൊണ്ട് 10 അടിയിൽ കഴിഞ്ഞ ലോകകപ്പിൽ വരച്ച ചിത്രം ഏവരേയും അത്ഭുത പെടുത്തി.

ഫുട്ബാൾ ഇതിഹാസം റൊണാൾഡിനോ വരക്കുന്നത് കാണുകയും അനജിനെ അഭിനന്ദിക്കുക ചെയ്തിരുന്നു. മരപ്പൊടിയിൽ കാലു കൊണ്ട് വരച്ചു ഇന്ത്യാ ബുക്ക്‌ ഒഫ് റെക്കാർഡ് ,​ അമേരിക്കൻ ബുക്ക്‌ ഒഫ്‌ റെക്കാർഡ് നേടിയിട്ടുണ്ട്. സിനിമാ താരം ജയസൂര്യ ആണ് അനജിന്റെ ഇഷ്ട നടൻ. എല്ലാ മേഖലയിലും അദ്ദേഹം വളരെ പ്രചോദനം നൽകുന്നതായി അനജ് പറയുന്നു. ജയസൂര്യയുമായി നല്ല സുഹൃദ് ബന്ധവും ഉണ്ട്.

വീഴ്ചയിൽ തളരാതെ

കാലിനു മരപ്പൊടി കൊണ്ട് ഇൻഫെക്ഷൻ സംഭവിച്ച ശേഷം ഒരിക്കൽ വരയ്ക്കരുതെന്ന് അനജിനോട് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. ചെറുപ്പത്തിൽ നടുവിന് ഡസ്ക്ക് വീണു പരിക്ക് പറ്റി കുറേ കാലം കിടപ്പിലായിരുന്നു. അഞ്ചാം ക്ലാസ്സ്‌ മുതൽ ചിത്ര വര പഠിച്ചിട്ടുണ്ട്. കണ്ണാടിപ്പറമ്പ് ഗ്രാമക്കേളിയിൽ നിന്നാണ് ചിത്ര രചനയിൽ പഠനം നടത്തിയത്. പ്രതിസന്ധി ഘട്ടത്തിലും ചിത്രകലയോടുള്ള സ്നേഹം കാരണം പുതിയ തരത്തിൽ വരയ്ക്കാൻ ഉള്ള ശ്രമത്തിലാണ് അനജ്.