ഗോത്ര സമൂഹത്തിൽ ജനിക്കുന്നത് കുറവല്ല: രാഷ്ട്രപതി

Friday 26 May 2023 1:13 AM IST

ഖുന്തി: സ്ത്രീയാണെന്നതോ, ഗോത്ര സമൂഹത്തിൽ ജനിക്കുന്നതോ ഒരു കുറവല്ലെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഏത് മേഖലയിലും വിജയിക്കാൻ, സ്വന്തം കഴിവുകൾ തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും മറ്റുള്ളവരുടെ അളവുകോലിൽ സ്വയം വിലയിരുത്തരുതെന്നും രാഷ്ട്രപതി പറഞ്ഞു.

കേന്ദ്ര ഗോത്ര മന്ത്രാലയം ജാർഖണ്ഡിലെ ഖുന്തിയിൽ സംഘടിപ്പിച്ച വനിതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ഗോത്ര സമൂഹം പല മേഖലകളിലും മാതൃകയാണ്. അതിലൊന്നാണ് ഗോത്ര സമൂഹത്തിൽ സ്ത്രീധന സമ്പ്രദായം ഇല്ലാത്തത്. സമൂഹത്തിലെ പലർക്കും, വിദ്യാസമ്പന്ന‌ർക്ക് പോലും സ്ത്രീധനം ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. സ്ത്രീകളുടെ സംഭാവനകൾക്ക് പ്രചോദനാത്മകമായ എണ്ണമറ്റ ഉദാഹരണങ്ങളുണ്ട്. സാമൂഹിക പരിഷ്‌കരണം, രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, വാണിജ്യം, കായികം, സേന തുടങ്ങി നിരവധി മേഖലകളിൽ സ്ത്രീകൾ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വശങ്ങൾക്ക് തുല്യ പ്രാധാന്യമുണ്ട്. സ്ത്രീകളുടെ ശക്തി സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജ്ജമാകും. അതുകൊണ്ട് കൂടുതൽ സ്ത്രീകളെ സ്വയംസഹായ സംഘങ്ങളുമായി ബന്ധിപ്പിക്കുകയും അവർക്ക് നൈപുണ്യ വികസനത്തിലൂടെ തൊഴിൽ നല്കുകയും ചെയ്യണമെന്നും രാഷ്ട്രപതി പറഞ്ഞു.