ക‌ർണാടക മന്ത്രിസഭ: ഡൽഹിയിൽ തിരക്കിട്ട ചർച്ച

Friday 26 May 2023 1:16 AM IST

ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ഡൽഹിയിൽ തിരക്കിട്ട ചർച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്തി ഡി.കെ ശിവകുമാർ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എന്നിവരുമായി ചർച്ചകൾ നടത്തി. ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയും ചർച്ചകളിൽ പങ്കെടുത്തു. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തങ്ങളുടെ അനുയായികളെ തിരുകി കയറ്റുവാൻ ശ്രമിക്കുന്നതാണ് കടുത്ത ഭിന്നതയിലേക്ക് നീങ്ങിയത്.

എൻ.എ ഹാരിസിനെതിരായ നിലപാടുമായി സിദ്ധരാമായ്യ

ഡി.കെ ശിവകുമാറിന്റെ ശക്തനായ അനുയായിയായ എൻ.എ ഹാരിസിന്റെയും ബി.കെ ഹരിപ്രസാദിന്റെയും മന്ത്രിസഭാ പ്രവേശനത്തിനെ ശക്തമായി എതിർക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാൽ കൃഷ്ണ ബൈര ഗൗഡ, സമീർ അഹമ്മദ് ഖാൻ, ദിനേശ് ഗുണ്ടു റാവു, എച്ച്.സി മഹാദേവപ്പ, എം.ബി പാട്ടിൽ എന്നിവരെ ഉൾപ്പെടുത്തുന്നതിനെ ശിവകുമാറും എതിർക്കുകയാണ്. സമീർ അഹമ്മദ് ഖാനും എം.ബി പാട്ടീലിനും മന്ത്രിസഭാ പ്രവേശനം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 34 അംഗ മന്ത്രിസഭ രൂപീകരിക്കാമെങ്കിലും 30 അംഗ മന്ത്രിസഭയായിരിക്കും നിലവിൽ വരികയെന്നാണ് അറിയുന്നത്. എന്നാൽ ഇരുവിഭാഗവും നിലപാടിൽ വിട്ട് വീഴ്ച ചെയ്യാത്തത് മൂലം 20 മന്ത്രിമാരുടെ പേരുകൾ മാത്രം ഉടനെ പ്രഖ്യാപിച്ചേക്കും. ആകെ 42 പേരുടെ പട്ടികയാണ് സിദ്ധരാമയ്യയും ശിവകുമാറും ചേർന്ന് കോൺഗ്രസ് നേതൃത്വത്തിന് സമർപ്പിച്ചത്. ബുധനാഴ്ച്ച ഡൽഹിയിലെത്തിയ സിദ്ധരാമയ്യയും ശിവകുമാറും രണ്ട് ദിവസങ്ങളിലായി ചർച്ച നടത്തുകയായിരുന്നു. സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും വിശ്വസ്തർ യഥാക്രമം കർണ്ണാടക ഭവനിലും ഡി.കെ സുരേഷിന്റെയും വസതിയിൽ യോഗം ചേർന്ന് തന്ത്രങ്ങൾ മെനയുകയായിരുന്നു. ലക്ഷ്മൺ സവാദി, കൃഷ്ണ ബൈര ഗൗഡ, ദിനേശ് ഗുണ്ടു റാവു, ലക്ഷ്മി ഹെബ്ബാൾക്കർ എന്നിവരും രാജ്യതലസ്ഥാനത്തെത്തി ഖാർഗെ, വേണുഗോപാൽ, രൺദീപ് സുർജേവാല എന്നിവരെ കണ്ട് പ്രത്യേകം ചർച്ച നടത്തി.