പതിനഞ്ചുകാരനു നേരെ ലൈംഗികാതിക്രമം: തുണി കച്ചവടക്കാരൻ അറസ്റ്റിൽ
തൊടുപുഴ: മാതാപിതാക്കളില്ലാത്ത സമയം വീട്ടിൽ കയറി പതിനഞ്ചുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ തുണിക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ മുടിയ്ക്കൽ പാലക്കാട്ടുതാഴം മുക്കാട വീട്ടിൽ മൈതീനെയാണ് (46) തൊടുപുഴ എസ്.ഐ അജയകുമാറും ഡിവൈ.എസ്.പി യുടെ സ്‌ക്വാഡും ചേർന്ന് അറസ്റ്റു ചെയ്തത്. മണക്കാട് നെല്ലിക്കാവിൽ കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. തുണി ഇൻസ്റ്റാൾമെന്റിൽ വിൽപ്പന നടത്തുന്ന പ്രതി ഇതിന്റെ പണം പിരിക്കാനെത്തിയപ്പോഴായിരുന്നു അതിക്രമം നടത്തിയത്. പിന്നീട് വീട്ടിലെത്തിയ അമ്മയോട് കുട്ടി വിവരം പറയുകയായിരുന്നു. കഴിഞ്ഞ 21ന് വീണ്ടുമെത്തിയപ്പോഴും ഇതേ രീതിയിൽ കുട്ടിക്കു നേരെ ലൈംഗികാതിക്രമത്തിന് മുതിർന്നപ്പോൾ മാതാവ് കണ്ടു. തുടർന്ന് ഇവർ ചൈൽഡ് ലൈനിൽ പരാതി നൽകി. കുട്ടി പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.