കണ്ണാടിപ്പാലത്തിൽ കയറി ആക്കുളം കണ്ട് രസിക്കാം, വരുന്നു ടൂറിസ്റ്റ് വില്ലേജിൽ ഗ്ലാസ് ബ്രിഡ്‌ജ്

Friday 26 May 2023 12:34 AM IST

തിരുവനന്തപുരം: ഗ്ലാസ് ബ്രിഡ്‌ജ് അഥവാ കണ്ണാടിപ്പാലത്തിലൂടെ നടക്കുന്ന കാര്യം സങ്കൽപ്പിക്കുമ്പോൾ ഭയം തോന്നാം. അതെങ്ങാനും പൊട്ടിപ്പോയാൽ ആകാശം മുട്ടുന്ന ഉയരത്തിൽ നിന്ന് താഴെ വീഴുമെന്ന് കരുതേണ്ട...ധൈര്യമുണ്ടെങ്കിൽ ഇനി ഗ്ലാസ് ബ്രിഡ്‌ജിലൂടെ നടക്കാം. അതിനായി വിദേശത്തൊന്നും പോകേണ്ട,ആക്കുളം ടൂറിസ്റ്റ് വില്ലേജിലെത്തിയാൽ മതി. 2016ൽ സഞ്ചാരികൾക്കായി തുറന്നുകൊടുത്ത ചൈനയിലെ ഗ്ലാസ് ബ്രിഡ്‌ജിന്റെ ചെറിയ പതിപ്പാണ് ആക്കുളത്ത് ഒരുങ്ങുന്നത്. ടൂറിസം വകുപ്പിനുകീഴിൽ സംസ്ഥാനത്ത് ആദ്യമായാണ് ഗ്ലാസ് ബ്രിഡ്‌ജ് ഒരുക്കുന്നത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് പദ്ധതി. 3 കോടി രൂപയാണ് രണ്ടാംഘട്ട നിർമ്മാണങ്ങൾക്കായി വകയിരുത്തുന്നത്. ടൂറിസ്റ്റ് വില്ലേജിലെ വെളളച്ചാട്ടത്തിന് മുകളിൽ നിന്നാകും ഗ്ലാസ് ബ്രിഡ്‌ജ് ആരംഭിക്കുക. ആദ്യഘട്ടത്തിൽ സ്വിമ്മിംഗ് പൂളിന് മുകൾവശം വരെയായി 39 മീറ്രർ വരെയാണ് നീളം. രണ്ടാംഘട്ട നിർമ്മാണത്തിൽ ഗ്ലാസ് ബ്രിഡ്‌ജിന്റെ നീളം 85 മീറ്ററാകും.എയർഫോഴ്‌സ് മ്യൂസിയം വരെയാകും ബ്രിഡ്‌ജ്. സാഹസ ടൂറിസത്തിന്റെ ഭാഗമായി കൃത്രിമ പുകയും മഞ്ഞും ബ്രിഡ്‌ജിലുണ്ടാകും.

അറി‌ഞ്ഞിരിക്കാം

 ആദ്യ ഘട്ടത്തിൽ 39 മീറ്റർ നീളം

 രണ്ട് പേർക്ക് നടന്നുപോകാൻ പറ്റുന്ന വീതി

 രണ്ടാംഘട്ടത്തിൽ 85 മീറ്റർ നീളം

 പാലത്തിൽ കൃത്രിമ പുകയും മഞ്ഞും

 തറനിരപ്പിൽ നിന്ന് 16 അടി ഉയരം

വരുന്നു പെറ്റ്‌സ് പാർക്ക്

ടൂറിസ്റ്റ് വില്ലേജിൽ പെറ്റ്‌സ് പാർക്കിന്റെ നിർമ്മാണം ഇന്നുമുതൽ തുടങ്ങും. ടൂറിസം വകുപ്പിനു കീഴിൽ സംസ്ഥാനത്ത് ആദ്യമായാണ് പെറ്റ്‌സ് പാർക്ക്. വീടുകളിൽ വളർത്തുന്ന അരുമകളെ കൊണ്ടുവന്ന് പാർപ്പിക്കാൻ സ്‌പെഷ്യൽ ഏരിയ ഉണ്ടാകും. മുംബയിലും ബംഗളൂരുവിലും പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ഇത്.വിദേശങ്ങളിൽ നടപ്പാക്കി പ്രചാരം നേടിയ മഡ് റെയ്‌സ് കോഴ്‌സുകളും ആരംഭിക്കും. ടെക്കികളെയടക്കം ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.ടോയ്‌ ട്രെയിൻ സർവീസ്,വിർച്വൽ റിയാലിറ്റി സോൺ എന്നിവയും തുടങ്ങും.

ഓഫ് റോഡ് ക്ലബ്

ഓഫ് റോഡ് ഡ്രൈവിംഗിൽ താത്പര്യമുളളവർക്കായി ഒഫ് റോഡ് ക്ലബും വൈകാതെ ആരംഭിക്കും. വിവിധ ജീപ്പ് ക്ലബുകളുമായി സഹകരിച്ചാകും പദ്ധതി. ടൂറിസ്റ്റ് വില്ലേജിന് സമീപം കുറച്ചുസ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇവിടെ നിർമ്മാണം ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതോടെയാണ് ഓഫ് റോഡ് ക്ലബ് എന്ന ആശയം അധികൃതർക്ക് ഉദിച്ചത്.

ഇനിയുമുണ്ട് പദ്ധതികൾ...

ലൈവ് ഡിനോസറുകളുടെ സാന്നിദ്ധ്യവുമായി ജുറാസിക് വേൾഡ് പാർക്ക്,ഹൊറർ ഹൗസ് എന്നിവയും രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ടൂറിസ്റ്റ് വില്ലേജിൽ നടപ്പാകും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോഒാപ്പറേറ്റീവ് സൊസൈറ്റിയും (വൈബ്) സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും. ഒന്നാംഘട്ട ഉദ്ഘാടനം പൂർത്തിയാക്കി 6 മാസത്തിനുളളിൽ ഒന്നേകാൽ ലക്ഷത്തോളം പേരാണ് ടൂറിസ്റ്റ് വില്ലേജിലെത്തിയത്. ഒരു കോടിയിലധികം രൂപ വരുമാനവും ടൂറിസം വകുപ്പിന് ലഭിച്ചു.

'ഗ്രാമങ്ങളിൽ നിന്നു മാറി നഗരത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാകുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രണ്ടാംഘട്ട നിർമ്മാണം ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ മുഖച്ഛായ മാറ്രും.'

വിഷ്‌ണു ജെ.മേനോൻ

ഡയറക്‌ടർ,വൈബ്