ഫോണിലെ കോൺഫറൻസ് കോൾ വഴി യുവതിയുമായി സംസാരിപ്പിക്കും; പിന്നാലെ പണം തട്ടും, ഇത് തട്ടിപ്പിന്റെ പുതുപുത്തൻ രീതിയെന്ന് പൊലീസ്
തൃശ്ശൂർ: വിവാഹം നടത്താനുള്ള ഓൺലെെൻ ഏജന്റ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ ഉപയോഗിച്ചുള്ള വിവാഹത്തട്ടിപ്പും വ്യാപകമാകുന്നതായി പൊലീസ് മുന്നറിയിപ്പ്. വിവാഹിതരാകാൻ താൽപ്പര്യമുള്ളവരെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് യുവതികളുമായി കോൺഫറൻസ് കോൾ വഴി സംസാരിപ്പിക്കും. ഒടുവിൽ ഫീസിനത്തിൽ മുഴുവൻ പണവും തട്ടിയ ശേഷം മുങ്ങുന്നതാണ് ഇവരുടെ സ്ഥിരം പരിപാടി.
നിരവധി പെൺകുട്ടികളുടെ പേരുവിവരം തങ്ങളുടെ കൈവശമുണ്ടെന്ന് പറഞ്ഞാണ് യുവതികളുടെ ചിത്രങ്ങൾ കാണിക്കുക. ഇഷ്ടപ്പെട്ടാൽ ഫീസ് ഇനത്തിൽ വൻ തുക ആവശ്യപ്പെടും. വിശ്വാസ്യത ഉറപ്പാക്കാൻ കോൺഫറൻസ് കോൾ വഴി യുവതിയുമായി സംസാരിപ്പിക്കും. വിവാഹത്തിന് സമ്മതമെന്ന് യുവതി ഉറപ്പ് നൽകിയശേഷം യുവതിയുടേതെന്ന് പറഞ്ഞ് ഒരു വ്യാജ ഫോൺ നമ്പർ നൽകും. വിവാഹിതരാകാൻ പോകുന്ന താൽപ്പര്യത്തിൽ കുറച്ചുനാൾ ഈ നമ്പറിൽ നിന്നും യുവതി സംസാരിക്കും. ഇതിനിടയിൽ ഫീസിനത്തിൽ തുക മുഴുവൻ ശേഖരിച്ച ശേഷം പതിയെ ഒഴിവാകാനുള്ള ശ്രമം തുടങ്ങും. വീട്ടിലെ ആരെങ്കിലും മരിച്ചുപോയെന്നോ മാറാവ്യാധി ആണെന്നോ ജോലിത്തിരക്കെന്നോ ഒക്കെയുള്ള കാരണങ്ങളാവും അവതരിപ്പിക്കുക.
ഇത്തരം തട്ടിപ്പുകളിൽപെടുന്നവർക്ക് തട്ടിപ്പുകാർ നിരവധി പെൺകുട്ടികളുടെ ഫോട്ടോകൾ കാണിക്കാറുണ്ടെങ്കിലും വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന രീതിയിൽ സംസാരിക്കുന്നത് മിക്കവാറും ഒരു സ്ത്രീ തന്നെയാകും. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളെയും പുനർവിവാഹം ആലോചിക്കുന്ന പുരുഷന്മാരെയുമാണ് ഏറെയും കുടുക്കുക.
സംഭവങ്ങളേറെ, പരാതികൾ കുറവ്
ഇത്തരത്തിൽ നിരവധി പേരുടെ പണം നഷ്ടപ്പെട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. മാനഹാനി ഭയന്ന് പുറത്തു പറയാൻ മടിക്കുന്നവരാണ് ഭൂരിഭാഗവും. അതുകൊണ്ട് തട്ടിപ്പ് പുറംലോകം അറിയുന്നില്ല. ഇത് തട്ടിപ്പുകാർക്ക് കൂടുതൽ സഹായകമാവും. പണം സ്വീകരിക്കുന്നതിന് ക്യു ആർ കോഡുകൾ സ്‌കാൻ ചെയ്തും തട്ടിപ്പ് വ്യാപകമാണ്. അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യാമെന്ന് പറഞ്ഞ് വാട്‌സ് ആപ്പിലോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലോ ക്യുആർ കോഡ് അയച്ചുതന്നാണ് ഈ തട്ടിപ്പ്. അത് സ്‌കാൻ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരിലെത്തും.