മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കിയ നിലയിൽ, ഒരാഴ്ചത്തെ പഴക്കം; ബാഗുകൾ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
പാലക്കാട്: അട്ടപ്പാടി ചുരം ഒമ്പതാം വളവിൽ നിന്ന് കണ്ടെത്തിയ ട്രോളി ബാഗുകളിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം രണ്ടായി മുറിച്ച് രണ്ട് ബാഗുകളിലാക്കുകയായിരുന്നു. ഒരു ബാഗിൽ അരയ്ക്ക് മുകളിലേയ്ക്കുള്ള ഭാഗവും രണ്ടാമത്തേതിൽ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്. കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. മലപ്പുറം എസ്‌പി സുജിത് ദാസ് ചുരത്തിലെത്തി.
ഈ മാസം 18നും 19നും ഇടയ്ക്കാണ് മരണം നടന്നത്. അതിനാൽ മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആഷിഖ് എന്നയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രോളി ബാഗുകൾ കിടന്ന സ്ഥലം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് എസ്‌പി പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ നാലുപേർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ആഷിഖിനെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിച്ചു. ഷുക്കൂർ എന്നയാളും തിരൂർ പൊലീസിന്റെ കസറ്റഡിയിലുള്ളതായി റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി, സുഹൃത്ത് ഫർഹാന എന്നിവരാണ് പിടിയിലായത്. ഇവരെ ട്രെയിൻ മാർഗം തിരൂർ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നത് അന്വേഷിച്ച് വരികയാണ്. സിദ്ദിഖിന്റെ മരണത്തിൽ ഹണിട്രാപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയരുന്നുണ്ട്. ഇതും അന്വേഷിച്ച് വരികയാണ്.
അതിനിടെ, മേയ് 19ന് പ്രതികൾ മൃതദേഹം അടങ്ങിയ ട്രോളി ബാഗ് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൈകിട്ട് 3.09നും 3.11നും ഇടയിലാണ് മൃതദേഹം ട്രോളി ബാഗിലാക്കി കാറിൽ കയറ്റി കൊണ്ടുപോയത്. ഒരു സ്ത്രീയെയും പുരുഷനെയുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. പുറത്ത് നിർത്തിയിരുന്ന കാറിലേക്ക് ആദ്യം ഒരു പുരുഷനും പിന്നീട് ഒരു യുവതിയും ബാഗുകൾ കൊണ്ടു വയ്‌ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. തുടർന്ന് കാറിൽ ഇവർ പോകുന്നതായും കാണാം.