എം.എഡ് കോഴ്സിനോട് മുഖം തിരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്: പേരിലൊതുങ്ങി തലശേരി ഗവ.ബി.എഡ് കോളേജ് ​

Friday 26 May 2023 9:38 PM IST

കണ്ണൂർ: രണ്ടുവർഷം കൊണ്ട് അവസാനിപ്പിച്ച എം.എഡ് കോഴ്സ് അനുവദിച്ചുകിട്ടണമെന്ന തലശ്ശേരി ഗവ.ബി.എഡ് കോളേജിന്റെ ആവശ്യത്തെ തള്ളി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അവഗണന. അരനൂറ്റാണ്ടു മുമ്പ് തുടങ്ങിയ കോളേജിന് നാക് അക്രഡിറ്റേഷൻ പോലും കിട്ടാത്ത സ്ഥിതിയിലായതും ഉന്നതവിദ്യാഭ്യാസവകുപ്പ് കാര്യമായ ശ്രദ്ധ കൊടുക്കാത്തതിന്റെ ഫലമാണെന്ന ആക്ഷേപവും ഇവിടെ നിന്ന് ഉയരുന്നുണ്ട്.

മതിയായ അദ്ധ്യാപകരില്ലാത്തതിനാലും കെട്ടിട സൗകര്യമില്ലാത്തതു മൂലവും 2012ൽ തുടങ്ങിയ എം.എഡ് കോഴ്സ് രണ്ടുവർഷം കൊണ്ട് പൂട്ടിക്കെട്ടി.കോഴ്സ് തിരിച്ചുകൊണ്ടുവരാൻ പ്രിൻസിപ്പാളും അദ്ധ്യാപകരും മറ്റു ജീവനക്കാരും നടത്തിയ ശ്രമങ്ങൾക്കാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ നിസഹകരണം തടസമാകുന്നത്. എം.എഡ് കോളേജിനെക്കാളും പ്രധാന്യം സ്കൂളിന്റെ വികസനത്തിന് നൽകണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതിന് നൽകുന്ന വിശദീകരണം.ആവശ്യത്തിന് കെട്ടിടവും മറ്റു അനുബന്ധ സൗകര്യങ്ങളുമില്ലാത്തതുമാണ് നാക് അക്രഡിറ്റേഷൻ കിട്ടാത്തതിന് പിന്നിൽ. അതേ സമയം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ ഗവ.ബി.എഡ് കോളേജുകൾക്ക് നാക് എ ഗ്രേഡ് കിട്ടിയിട്ടുണ്ട്.

ബി.എഡ് കോളേജ് അധികൃതരും ഈ കോളേജിനു തൊട്ടടുത്ത് പ്രവർത്തിക്കുന്ന ഗവ.ബ്രണ്ണൻ സ്കൂൾ അധികൃതരും തമ്മിൽ കെട്ടിടത്തിന്റെ അവകാശത്തെ ചൊല്ലി പോരിലുമാണിപ്പോൾ.

പത്തിൽ താഴെ അദ്ധ്യാപകർ

2014ലെ സ്റ്റാഫ് പാറ്റേൺ തന്നെയാണ് ഇപ്പോഴും ഇവിടെ തുടരുന്നത്. അദ്ധ്യാപകരും അനദ്ധ്യാപകരുമുൾപ്പടെ പത്തിൽ താഴെ മാത്രമാണ് അംഗബലം. ഗസ്റ്റ് അദ്ധ്യാപകരെ കൊണ്ടാണ് പഠനം മുടങ്ങാതെ പോകുന്നത്. കുറഞ്ഞത് പതിനാല് പേരെങ്കിലും ഉണ്ടായാൽ മാത്രമെ സ്ഥാപനം ഞെരുങ്ങിയെങ്കിലും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയുള്ളു. ഒഴിവുകൾ പി. എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിനാൽ നിയമനം അനിശ്ചിതമായി നീളുകയാണ്.

തർക്കം കെട്ടിടത്തെ ചൊല്ലി

മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച കെട്ടിടം സംബന്ധിച്ചാണ് ഗവ. ബ്രണ്ണൻ സ്കൂളും ബി. എഡ് കോളേജും തമ്മിൽ തർക്കമുള്ളത്. തർക്കത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ജനപ്രതിനിധികളും സ്കൂളിനൊപ്പം നിന്നപ്പോൾ ബി. എഡ് കോളേജിന് കെട്ടിടം നഷ്ടമാകുന്ന സ്ഥിതിയായി. എന്നാൽ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം ബി.എഡ് കോളേജിനു വേണ്ടിയാണെന്നും അധികൃതർ അറിയിച്ചിരുന്നു. പുതുതായി നിർമ്മിച്ച ഈ കെട്ടിടത്തിൽ അദ്ധ്യാപകർക്കുള്ള പരിശീലന മുറിയും സൈക്കോളജി, റിസർച്ച് ലാബുകളും ഒരുക്കിയിരുന്നു. ഇതിനിടെയാണ് അവകാശ തർക്കമുണ്ടായത്.ബി. എഡിന് 50 സീറ്റാണ് നിലവിലുള്ളത്. എം.എഡിനും 50 സീറ്റാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതു അനുവദിച്ചു കിട്ടിയാൽ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ കുട്ടികളുടെ എം.എഡ് മോഹം യാഥാർത്ഥ്യമാകുള്ളൂ.

Advertisement
Advertisement