കൊട്ടിയൂർ വൈശാഖ മഹോത്സവം; നീരെഴുന്നള്ളത്ത് ഇന്ന്

Friday 26 May 2023 9:55 PM IST

കൊട്ടിയൂർ: ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ ആരംഭിച്ച് 28 ന് തൃക്കലശാട്ടത്തോടെ സമാപിക്കുന്ന വൈശാഖ മഹോത്സവത്തിന്റെ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് ഇന്ന് അക്കരെ കൊട്ടിയൂരിൽ നടക്കും. കൊട്ടിയൂർ പെരുമാളിന്റെ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതിന്റെ ആചാര സ്മരണകളോടെയാണ് നീരെഴുന്നള്ളത്ത് ചടങ്ങ് നടക്കുന്നത്.

പതിനൊന്നു മാസത്തോളം മനുഷ്യർക്ക് പ്രവേശനമില്ലാതിരുന്ന അക്കരെ കൊട്ടിയൂരിലേക്ക്
അവകാശികളും സ്ഥാനികരും ആദ്യമായി പ്രവേശിക്കുന്നത്ഇടവമാസത്തിലെ മകം നാളിൽ നടക്കുന്ന നീരെഴുന്നളളത്തിനാണ്.ഒറ്റപ്പിലാൻ കുറിച്യ സ്ഥാനികന്റെ നേതൃത്വത്തിൽ ഇക്കരെ ക്ഷേത്രനടയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേ നടയായ മന്ദംചേരിയിൽ ബാവലിക്കരയിൽ വെച്ചും തണ്ണീർകുടി ചടങ്ങ് നടന്നതിന് ശേഷമാണ് 'അക്കരെ കടക്കൽ' എന്ന ചടങ്ങ്.

ഇക്കരെ കൊട്ടിയൂരിൽ നിന്നും പുറപ്പെട്ട് കാട്ടുവഴികളിലൂടെ സമുദായ ഭട്ടതിരിപ്പാടും ഊരാളന്മാരും ചേർന്നുള്ള അടിയന്തരയോഗത്തോടൊപ്പം അക്കരെയിലെത്തുന്ന ജന്മശാന്തി പടിഞ്ഞിറ്റ നമ്പൂതിരി
ഒരു നിശ്ചിത സ്ഥലത്തു നിന്ന് കൂവയിലയിൽ ജലം ശേഖരിച്ച് തിരുവഞ്ചിറയിലേക്ക് പ്രവേശിച്ച് മണിത്തറയിൽ സ്വയംഭൂവിൽ അഭിഷേകം ചെയ്യുന്നതാണ് ഇന്ന് നടക്കുന്ന പ്രത്യേക ചടങ്ങ്.തുടർന്ന് തിടപ്പള്ളി അടുപ്പിൽ നിന്ന് ഭസ്മം പൂശി പടിഞ്ഞാറെ നടവഴി സംഘം ഇക്കരെ കടക്കും.

അർദ്ധരാത്രിയോടെ ആയില്യാർ കാവിൽ പടിഞ്ഞിറ്റി നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗൂഢപൂജ നടക്കും. വിശിഷ്ടമായ അപ്പട നിവേദിക്കും.ഈ പൂജയ്ക്ക് ശേഷം ആയില്യാർ കാവിലേക്കുള്ള വഴി അടയ്ക്കും. പിന്നീട് അടുത്ത വർഷത്തെ പ്രക്കൂഴം ചടങ്ങിലെ പൂജക്കായാണ് തുറക്കുക.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കെ.പ്രേമരാജന്റെ നേതൃത്വത്തിൽ ഉത്സവത്തിന്റെ ആദ്യത്തെ പ്രധാന എഴുന്നള്ളത്തായ വിളക്കുതിരി എഴുന്നള്ളത്ത് കൂത്തുപറമ്പ് പുറക്കളം തിരൂർക്കുന്ന് ഗണപതി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ഇന്ന് പുലർച്ചെയോടെ ഇക്കരെ കൊട്ടിയൂരിലെത്തും. ഉത്സവത്തിനാവശ്യമായ
വിളക്കുതിരികൾ,
കിളളിശീല, തലപ്പാവ്, ഉത്തരീയം എന്നിവ വ്രതനിഷ്ഠയോടെ നിർമ്മിച്ചാണ് സംഘം എത്തുന്നത്. ക്ഷേത്രം ഭാരവാഹികളെ ഏല്പിക്കുന്ന വിളക്കുതിരിയും മറ്റും എണ്ണി തിട്ടപ്പെടുത്തി ഏറ്റെടുത്തതിന് ശേഷമാണ് പ്രധാന ചടങ്ങായ നീരെഴുന്നള്ളത്ത് ആരംഭിക്കുക.

മാലൂർ പടി നെയ്യമൃത് സംഘം പടിയിൽ പ്രവേശിച്ചു

മാലൂർ:കൊട്ടിയൂർ വൈശാഖോൽ സവത്തിന് തുടക്കം കുറിച്ച് എടവമാസത്തിലെ ചോതിനാളിൽ അക്കരെ ക്ഷേത്ര സ്വയംഭൂവിൽ നടക്കുന്ന നെയ്യാട്ടത്തിനുള്ള മാലൂർപ്പടി നെയ്യമൃത് സംഘം പടിയിൽ പ്രവേശിച്ചു. ആയില്യം നാളിൽ ക്ഷേത്രത്തിൽ നടന്ന ഗണപതി ഹോമത്തിന് ശേഷം മേൽശാന്തിയും കൊട്ടിയൂർ ക്ഷേത്ര തൃക്കടാരി സ്ഥാനികനുമായ അരിങ്ങോട്ടില്ലത്ത് പ്രകാശൻ നമ്പൂതിരി കലശം കുളിപ്പിച്ച തോടെയാണ് വ്രതക്കാർ പടിയിൽ പ്രവേശിച്ചത്.

Advertisement
Advertisement