മലയാളികളുടെ ഭക്ഷണം ശരിയാകില്ലെന്ന പേരിൽ സ്വന്തം മുറിയിൽ പാചകം; സഹപാഠിയെ പൊള്ളലേൽപ്പിച്ച കേസിൽ ആന്ധ്ര സ്വദേശി റിമാൻഡിൽ

Friday 26 May 2023 10:55 PM IST

വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജ് വനിത ഹോസ്റ്റലിൽ സഹപാഠിയെ ചൂട് കറിപ്പാത്രം കൊണ്ട് മാരകമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ആന്ധ്ര സ്വദേശിനി ലോഹിതയെ റിമാൻഡ് ചെയ്തു. കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥിനി ദീപികയ്ക്കാണ് മാരകമായി പൊള്ളലേറ്റത്.

മുറിവിൽ മുളകുപൊടിയും വിതറി ക്രൂരത കാണിച്ച സംഭവത്തിൽ കൂടുതൽ പ്രതികളില്ലെന്ന് തിരുവല്ലം എസ്.എച്ച്. ഒ രാഹുൽ രവീന്ദ്രൻ പറഞ്ഞു. സംഭവത്തിൽ കോളേജ് തലത്തിലുള്ള അന്വേഷണവും നടക്കുകയാണ്. ഒരു അഭിഭാഷകയെ കൂടാതെ കോളേജിലെ മൂന്ന് അദ്ധ്യാപകരുൾപ്പെട്ട സംഘം ഇടക്കാല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായി കോളേജ് ഡീൻ ഡോ.റോയ് സ്റ്റീഫൻ പറഞ്ഞു. സംഭവം പുറത്തറിഞ്ഞ വ്യാഴാഴ്ച വകുപ്പു മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥസംഘം കാർഷിക കോളേജിലെത്തി വിവരം ശേഖരിച്ചു.18ന് നടന്ന സംഭവം ഒരാഴ്ചയ്‌ക്ക് ശേഷമാണ് പുറത്തറിഞ്ഞത്. കോളേജ് അധികൃതർ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചതായി ആക്ഷേപമുണ്ട്. ഗുരുതര പൊള്ളലേറ്റ ദീപിക നാട്ടിലെത്തിയ ശേഷം ചികിത്സയുടെ വീഡിയോ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്കും കോളേജ് അധികൃതർക്കും അയച്ചതോടെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുണ്ടായത്. സംഭവത്തിൽ മലയാളി വിദ്യാർത്ഥിനിയുൾപ്പെടെ മൂന്നുപേരെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം മലയാളികളുടെ ഭക്ഷണം ശരിയാകില്ലെന്ന് പറഞ്ഞാണിവർ സ്വന്തമായി ഹോസ്റ്റൽ മുറിയിൽ പാചകം ചെയ്തിരുന്നത്. പാചകത്തിനുള്ള അനുവാദം അധികൃതർ നൽകിയിട്ടില്ല. അനുവാദമില്ലാതെയാണ് ഇൻഡക്ഷൻ കുക്കറും പാത്രങ്ങളും സൂക്ഷിച്ചിരുന്നത്. വർഷങ്ങളായി ഹോസ്റ്റൽ റൂമുകൾ പരിശോധന നടത്താത്തതും പാചക ഉപകരണങ്ങൾ സൂക്ഷിച്ചതും ഹോസ്റ്റൽ അധികൃതരുടെ മൗനസമ്മതത്തോടെയാണ്.

Advertisement
Advertisement