വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലംനോക്കി മൃതദേഹം തള്ളി

Saturday 27 May 2023 2:15 AM IST

പാലക്കാട്: കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്ന പ്രദേശമായതിനാൽ രാത്രി ആളുകൾ ഉണ്ടാവില്ല എന്നത് മനസിലാക്കിയാണ് പ്രതികൾ ഹോട്ടൽ ഉടമയുടെ മൃതദേഹം അട്ടപ്പാടി ചുരം റോഡിലെ ഒമ്പതാം വളവിലെ കൊക്കയിൽ തള്ളിയതെന്ന് നിഗമനം. ഇതിന് സഹായിച്ചത് ഷിബിലിന്റെയും ഫർഹാനയുടെയും സുഹൃത്ത് ആഷിക്കാണ്. ഇയാൾക്ക് അട്ടപ്പാടിയിൽ പരിചയക്കാരുണ്ട്. ഇടയ്ക്കിടെ അട്ടപ്പാടിയിലെത്താറുള്ള ഇയാൾക്ക് ഈ പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്.

30 അടിയോളം താഴ്ചയുള്ള ഭാഗത്താണ് മൃതദേഹം തള്ളിയത്. രണ്ട് ട്രോളി ബാഗുകളിൽ നിറച്ചിരുന്ന മൃതദേഹാവശിഷ്ടങ്ങൾ പാറക്കെട്ടുകളിലും മറ്റും തട്ടി ചില ഭാഗങ്ങൾ കീറിയ നിലയിലായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ പുറത്തേക്ക് തള്ളിയിട്ടുമുണ്ടായിരുന്നു. ബാഗിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങിയിരുന്നു. ബാഗ് കറുത്ത ടാർപോളിൻ കൊണ്ട് പൊതിഞ്ഞാണ് പൊലീസ് മുകളിലെത്തിച്ചത്.

ഒരു ബാഗ് പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും മറ്റൊന്ന് 15 മീറ്റർ മാറി അരുവിക്ക് സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. മലപ്പുറം എസ്.പി. എസ്.സുജിത് ദാസിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 9ഓടെ ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.

അട്ടപ്പാടിയിൽ എത്തിയത് വൈകിട്ട് 6.45ന്

കഴിഞ്ഞ 19ന് വൈകിട്ട് 6.45നാണ് പ്രതികളായ ഷിബിലി, ഫർഹാന, ആഷിക് എന്നിവർ വെള്ള ഹോണ്ട സിറ്റി കാറിൽ മൃതദേഹവുമായി അട്ടപ്പാടിയിലെത്തിയത്. ആനമൂളിയിലെ പെട്രോൾ പമ്പിൽ സ്ഥാപിച്ച സി.സി ടിവിയിലെ ദൃശ്യങ്ങളിൽ അത് വ്യക്തമാണ്. പിന്നീട് കാർ തിരിച്ചുപോകുന്നത് എട്ടുമണിക്കാണ്. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

ആനമൂളിയിൽ നിന്നും മൃതദേഹം കണ്ടെത്തിയ ഒമ്പതാം വളവിലേക്ക് 20 മിനിട്ട് സഞ്ചരിക്കണം. ആളൊഴിഞ്ഞ സമയംനോക്കി മൃതദേഹം കൊക്കയിൽ ഉപേക്ഷിക്കാനാകാം പ്രതികൾ ഒന്നേകാൽ മണിക്കൂർ സമയം എടുത്തത്.

പോക്സോ കേസുകൊടുത്തു

പിന്നീട് സൗഹൃദത്തിലായി

വല്ലപ്പുഴ സ്വദേശിയായ ഷിബിലിനെതിരെ ചെർപ്പുളശേരി പൊലീസിൽ ഫർഹാന പോക്സോ കേസ് കൊടുത്തിരുന്നു. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് 13 വയസായിരുന്ന ഫർഹാനയെ നെന്മാറയിലെ വഴിയരികിൽവച്ചു ഷിബിലി ഉപദ്രവിച്ചു എന്നാണ് കേസ്. സംഭവം നടന്ന് മൂന്നുവർഷങ്ങൾക്ക് ശേഷമാണ് ഫർഹാന കേസുകൊടുത്തത്. ഇതിൽ ആലത്തൂർ കോടതി ഷിബിലിനെ റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം പിന്നീട് ഇരുവരും സൗഹൃദത്തിലായി. തുടർന്ന് ഷിബിൽ പറയുന്നതനുസരിച്ചായിരുന്നു ഫർഹാനയുടെ ജീവിതം. കഴിഞ്ഞയാഴ്ച വിദേശത്തേക്ക് പോകാനിരുന്ന ഫർഹാന യാത്ര മാറ്റിവച്ചതും ഷിബിൽ പറഞ്ഞിട്ടാണെന്ന് വീട്ടുകാർ പറയുന്നു.

ഇരുവർക്കുമെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. ഫർഹാന ബന്ധുവീടുകളിൽ പോയി അവിടെ നിന്നും സ്വർണവും മൊബൈലുകളും മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. ബന്ധുക്കളായതിനാൽ പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല.

ഫർഹാനയുടെ

സഹോദരനും

കസ്റ്റഡിയിൽ

ഫർഹാനയെ കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞ 23ന് വീട്ടുകാർ ചെർപ്പുളശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ ഉറങ്ങിക്കിടന്ന മകളെ പിന്നീട് കാണാതായെന്നായിരുന്നു പരാതി. ഇതിനു പിന്നാലെ പൊലീസ് സംഘം ഫർഹാനയുടെ വീട്ടിലെത്തി സഹോദരൻ ഗഫൂറിനെയും പിതാവ് വീരാനെയും കസ്റ്റഡിയിലെടുത്തു. പരാതിയുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനാകും ഇതെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ, കഴിഞ്ഞദിവസം വീരാനെ വിട്ടയച്ചു. സഹോദരനെ വിട്ടില്ല. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ഫർഹാനയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്.

Advertisement
Advertisement