ശാന്തകുമാരിഅമ്മയ്ക്ക് കൈത്താങ്ങായി അദാലത്ത്

Saturday 27 May 2023 1:29 AM IST

കുന്നംകുളം: ഒരൊറ്റവാചകത്തിൽ പറഞ്ഞൊതുക്കാവുന്നതല്ല ശാന്തകുമാരിഅമ്മയുടെ വേദനകൾ. ശാരീരികമായ അവശതകൾ, താങ്ങാകേണ്ട മക്കളുടെ രോഗങ്ങൾ, നിലച്ചുപോയ വരുമാനമാർഗം, കയറിക്കിടക്കാൻ വീടുപോലും ഇല്ലാത്ത അവസ്ഥ. എവിടെ പറഞ്ഞുതുടങ്ങണമെന്നുപോലും അറിയാതെയാണ് ശാന്തകുമാരിഅമ്മ കുന്നംകുളത്തെ കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്.

മന്ത്രിക്ക് മുന്നിൽ ദയനീയത പറഞ്ഞുതീരും മുമ്പേ ചെയ്യാൻ കഴിയുന്ന നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് കൊടുത്ത് മന്ത്രി ഡോ. ആർ. ബിന്ദു ശാന്തകുമാരിഅമ്മയ്ക്ക് താങ്ങായിനിന്നു.
വർഷങ്ങൾക്കു മുമ്പ് അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ ശാന്തകുമാരിക്ക് ശസ്ത്രക്രിയ നടത്താനുള്ള വരുമാനമില്ല. ദൈനംദിന ജീവിതം മുന്നോട്ടുപോകാൻ തന്നെ പാടുപെടുകയാണ്. സുഖമില്ലാത്ത മകളും മരുമകനും അടങ്ങുന്നതാണ് കുടുംബം. മരുമകനും മാസങ്ങളായി വയ്യാതെ കിടപ്പിലാണ്. ലോട്ടറി വിറ്റ് ജീവിച്ചിരുന്ന ഈ നിർദ്ധന കുടുംബത്തിന് സ്വന്തമായ കിടപ്പാടം പോലുമില്ല. ശാരീരിക അവശതകൾക്കിടയിലും സർക്കാർ ഒപ്പമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ശാന്തകുമാരി അമ്മ അദാലത്തിൽ എത്തിയത്.
അടിയന്തര സാഹചര്യം വിലയിരുത്തി സാമൂഹികനീതി വകുപ്പ് വഴി പ്രത്യേക പരിഗണന നൽകി വികലാംഗ സർട്ടിഫിക്കറ്റിനും മറ്റാനുകൂല്യത്തിനും വഴിയൊരുക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു നിർദ്ദേശം നൽകി. ലൈഫ് മിഷൻ വഴി വീട് ഒരുക്കാനും അതിനുവേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാനും വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Advertisement
Advertisement