വിമാനത്തിന്റെ വാതിൽ തുറന്ന യാത്രക്കാരൻ അറസ്‌റ്റിൽ

Saturday 27 May 2023 6:22 AM IST

സോൾ: ദക്ഷിണ കൊറിയയിൽ ഏഷ്യാന എയർലൈൻസ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരൻ അറസ്‌റ്റിൽ. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 9.15ന് ദക്ഷിണ കൊറിയയിലെ ജെജു ഐലൻഡിൽ നിന്ന് 194 യാത്രക്കാരുമായി പറന്നുയർന്ന ഫ്ലൈറ്റ് ഒ.സെഡ് 8124 എയർബസ് എ321-200 ജെറ്റിലാണ് സംഭവം. ടേക്ക് ഓഫ് ചെയ്ത് ഏകദേശം ഒരു മണിക്കൂറിന് ശേഷം ദേഗു ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡിംഗിന് ഒരുങ്ങവെയാണ് യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നത്. വിമാനം ഭൂനിരപ്പിൽ നിന്ന് 820 അടി ഉയരത്തിലായിരുന്നു. വാതിൽ തുറന്നതിന് പിന്നാലെ വിമാനത്തിനുള്ളിലേക്ക് ശക്തമായി കാറ്റ് വീശിയടിച്ചു. യാത്രക്കാരിൽ ചിലർ ബോധരഹിതരായി. മറ്റുചിലർക്ക് ശ്വാസതടസമുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും നേരിട്ടു. ഉടൻ തന്നെ വിമാനത്തിന് ലാൻഡിംഗ് നടത്താനായതിനാൽ വൻ അപകടം ഒഴിവായി. വാതിൽ തുറന്ന ശേഷം ഇയാൾ താഴേക്ക് ചാടാൻ ശ്രമിച്ചെന്ന് മറ്റ് യാത്രക്കാർ പറയുന്നു. വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നില്ലെന്നും എന്തിനാണ് വാതിൽ തുറന്നതെന്ന് വിശദീകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. യാത്രക്കാരിൽ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി.

Advertisement
Advertisement