എലിസബത്ത് രാജ്ഞി യു.എസിൽ വധഭീഷണി നേരിട്ടു, വെളിപ്പെടുത്തി എഫ്.ബി.ഐ

Saturday 27 May 2023 6:25 AM IST

വാഷിംഗ്ടൺ : 1983ലെ യു.എസ് സന്ദർശനത്തിനിടെ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി വധഭീഷണി നേരിട്ടിരുന്നതായി വെളിപ്പെടുത്തി അമേരിക്കൻ സുരക്ഷാ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ ( എഫ്.ബി.ഐ ).

1983 ഫെബ്രുവരി 4ന് സാൻഫ്രാൻസിസ്കോയിലെ ഒരു ഐറിഷ് പബ് സന്ദർശിച്ച പൊലീസ് ഉദ്യോഗസ്ഥനായിരുന്നു വധഭീഷണി സംബന്ധിച്ച വിവരം എഫ്.ബി.ഐക്ക് കൈമാറിയത്. രാജ്ഞിയുടെയും ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെയും കാലിഫോർണിയ സന്ദർശനത്തിന് ഒരു മാസം മുമ്പായിരുന്നു ഇത്. നോർത്തേൺ അയർലൻഡിൽ വച്ച് തന്റെ മകൾ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പ്രതികാരമായി താൻ എലിസബത്ത് രാജ്ഞിയെ വധിക്കാൻ പദ്ധതിയിടുന്നതായി ഒരാൾ പൊലീസുകാരനോട് വെളിപ്പെടുത്തിയെന്ന് എഫ്.ബി.ഐ പുറത്തുവിട്ട ഫയലുകളിൽ പറയുന്നു.

രാജ്ഞിയുടെ ആഡംബര നൗകയായ ബ്രിട്ടാനിയ സാൻഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിന് താഴെക്കൂടി കടന്നുപോകുമ്പോഴോ അല്ലെങ്കിൽ രാജ്ഞി യോസ്മൈറ്റ് നാഷണൽ പാർക്ക് സന്ദർശിക്കാനെത്തുമ്പോഴോ വധിക്കാനായിരുന്നു ഇയാളുടെ പദ്ധതി.

ഇതോടെ രാജ്ഞിയുടെ സന്ദർശന വേളയിൽ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം എഫ്.ബി.ഐ തടഞ്ഞു. യോസ്മൈറ്റ് നാഷണൽ പാർക്കിൽ രാജ്ഞി സന്ദർശിച്ചെങ്കിലും എന്ത് സുരക്ഷാ നടപടിയാണ് സ്വീകരിച്ചതെന്ന് എഫ്.ബി.ഐയുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഫയലിൽ വ്യക്തമാക്കുന്നില്ല. വധശ്രമത്തിന് പദ്ധതിയിട്ടയാളെ അറസ്റ്റ് ചെയ്തോ എന്നും ഫയലിൽ പരാമർശമില്ല. സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ കഴിഞ്ഞ സെപ്തംബർ 8ന് 96ാം വയസിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം.

Advertisement
Advertisement