ആൾത്താമസമില്ലാത്ത വീടിന്റെ മുറ്റത്ത് നിന്ന് തേക്ക് മരങ്ങൾ അപ്രത്യക്ഷമാകുന്നു; ചിലത് പകുതി മുറിഞ്ഞ നിലയിൽ, സംഭവം പത്തനംതിട്ടയിൽ

Saturday 27 May 2023 11:40 AM IST

പത്തനംതിട്ട : പട്ടികജാതി കുടുംബത്തിന്റെ താമസമില്ലാത്ത ഭൂമിയിലെ മരങ്ങൾ സമീപവാസി അനധികൃതമായി മുറിച്ചു മാറ്റുന്നതായി പരാതി. ഏനാദിമംഗംലം ഇളമണ്ണൂർ കാവിന്റെ പടീറ്റതിൽ ഗിരിജയുടെ വസ്തുവിലെ മരങ്ങളാണ് സമീപവാസി മറിച്ചു മാറ്റുന്നതായി പരാതി ഉയർന്നത്. അടുത്തിടെ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായത്തോട‌െയാണ് തേക്കു മരങ്ങൾ മുറിച്ചു കടത്തിയതെന്ന് ഗിരിജയുടെ മക്കളായ അതുല്യയും അനന്തുവും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊലീസിലും പഞ്ചായത്തിലും പരാതികൾ നൽകിയിട്ടും നീതി ലഭിച്ചില്ല. ഗ്രാമപഞ്ചായത്ത് അധികൃതരും ചില രാഷ്ട്രീയ പാർട്ടി നേതാക്കളും ഇതിന് കൂട്ടുനിൽക്കുന്നു വിധവയായ ഗിരിജ വിദേശത്തും മക്കൾ പഠനവുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് പുറത്തുമാണ്. വല്ലപ്പോഴും മാത്രമാണ് നാട്ടിൽ വരുന്നത്. അഞ്ചേമുക്കാൽ സെന്റ് വസ്തുവിലെ മരങ്ങൾ മുറിച്ചു മാറ്റിയും കോതി മാറ്റിയതുമാണ് പലപ്പോഴും കാണുന്നത്. വസ്തുവിലെ മരങ്ങൾ കാരണം സമീപവാസിക്ക് യാതൊരു ശല്യവുമില്ല. ചില മരങ്ങൾ പകുതി മുറിച്ച് മാറ്റിയ നിലയിലാണ്. പട്ടികജാതി കമ്മിഷനിലും പരാതി നൽകിയിരുന്നു. ഇതിന്റെ ഹിയറിംഗിൽ 31ന് പെങ്കടുക്കുവാൻ നോട്ടീസ് ലഭിച്ചിരുന്നു. ഇതറിഞ്ഞാണ് പെട്ടെന്ന് തേക്ക് മരം മുറിച്ച്മാറ്റിയത്.കളക്ടർ, ഗ്രാമപഞ്ചായത്ത്, ആർ. ഡി. ഒ , പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടും നീതി ലഭിച്ചില്ല.