പുതിയ പാർലമെന്റ് മന്ദിരം യാഥാർത്ഥ്യമാക്കിയ ബി ജെ പി സർക്കാരിനെ അഭിനന്ദിക്കണം, പ്രതിപക്ഷ ബഹിഷ്‌കരണത്തെ വിമർശിച്ച് ഗുലാംനബി ആസാദ്

Saturday 27 May 2023 6:48 PM IST

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ നീക്കത്തെ വിമർശിച്ച് മുൻ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. റെക്കോഡ് സമയത്തിനുള്ളിൽ പുതിയ പാർലമെന്റ് മന്ദിരം സ്ഥാപിച്ചതിന് വിമർശിക്കുകയല്ല,​ ബി.ജെ.പി സർക്കാരിനെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരം അനിവാര്യമായിരുന്നു. അതിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് പ്രധാനമന്ത്രിയാണോ രാഷ്ട്രപതിയാണോ എന്നത് വലിയ വിഷയമല്ല,​ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്ര ചെറിയ സമയത്തിനുള്ളിൽ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ നേട്ടം കൈവരിച്ച കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ദിവസം ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ചടങ്ങിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ അന്ന് മറ്റൊരു പരിപാടിയുള്ളതിനാൽ ചടങ്ങിനെത്താനാകില്ലെെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു.

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉദ്ഘാടനം രാഷ്ട്രപതിയാണ് നിർവഹിക്കേണ്ടത് എന്നാണ് പ്രതിപക്ഷം പറയുന്നത്.