സിദ്ദിഖിനെ മുറിയിൽ വച്ച് നഗ്നനാക്കി, ഫർഹാനയും നഗ്നയായി ഫോട്ടോയെടുക്കാൻ ശ്രമിച്ചു, പ്രതിരോധിച്ചപ്പോൾ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു
തിരൂർ:ഹണിട്രാപ്പിന് വഴങ്ങാതെ ചെറുത്തതോടെയാണ് കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമ തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയിൽ കൊല്ലപ്പെടുത്തിയതെന്ന് പൊലീസ് . . നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരൻ പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലിയും (22), സുഹൃത്ത് ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടിൽ ഫർഹാനയും (19), ഫർഹാനയുടെ സുഹൃത്തും ചളവറ സ്വദേശിയുമായ ആഷിഖും (ചിക്കു 26) ഒരു മാസം മുമ്പേ കെണിയൊരുക്കി തുടങ്ങിയിരുന്നു. ചെന്നൈയിൽ പിടിയിലായ ഷിബിലിയെയും ഫർഹാനയേയും ശനിയാഴ്ച രാവിലെ തിരൂർ ഡിവൈ.എസ്.പി ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ആഷിഖ് വെള്ളിയാഴ്ച അറസ്റ്റിലായിരുന്നു.
സിദ്ദിഖും ഫർഹാനയുടെ പിതാവും പരിചയക്കാരായതിനാൽ ഇരുവർക്കും നേരത്തെ അറിയാം. മെസേജയച്ചും മറ്റും ഫർഹാന സൗഹൃദം സ്ഥാപിച്ചു. ഹണിട്രാപ്പ് ഷിബിലിയുടെ ഐഡിയ ആയിരുന്നു. സുഹൃത്തായ ആഷിഖിനെ ഫർഹാന ഒപ്പംകൂട്ടി. ഫർഹാന പറഞ്ഞപ്രകാരം സിദ്ദീഖ് ഷിബിലിക്ക് ഹോട്ടലിൽ ജോലി നൽകി. സാമ്പത്തിക ഇടപാടുകളും കുടുംബ സാഹചര്യവും മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. ഷിബിലി ബാങ്ക് വിവരങ്ങളും എ.ടി.എം പിൻകോഡും മനസ്സിലാക്കി.
കൊല നടന്ന ദിവസം സിദ്ദിഖിനെ വിളിച്ചതും റൂം എടുപ്പിച്ചതും ഫർഹാനയായിരുന്നു. ഒന്നു കൂടണമെന്നും റൂം ബുക്ക് ചെയ്യാനും സിദ്ദിഖിനോട് ഫർഹാന ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. . മേയ് 18ന് ഫർഹാന ആവശ്യപ്പെട്ട പ്രകാരംസിദ്ദീഖ് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ രണ്ട് മുറിയെടുത്തു. കാറിൽ സിദ്ദീഖും ഫർഹാനയും ലോഡ്ജിലെത്തി. രണ്ട് താക്കോലും കൈവശപ്പെടുത്തിയ ഫർഹാന, ലോഡ്ജിലെത്തിയ ഷിബിലിയെയും ആഷിഖിനെയും ജി -3 റൂമിലാക്കി. ജി- 4 റൂമിൽ സിദ്ദീഖും ഫർഹാനയും അടുത്തിടപഴകുന്നതിനിടെ ഷിബിലിയും ആഷിഖും കടന്നുവന്നു.
താൻ നേരത്തെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ട ഷിബിലി ഇവിടെ തൻ്റെ മുന്നിൽ നിൽക്കുന്നത് കണ്ടതോടെയാണ് സിദ്ദിഖിന് ചതി മനസ്സിലായത്. സിദ്ദിഖിനേയും ഫർഹാനയേയും ചേർത്തു നിർത്തി ഫോട്ടോ എടുക്കാനായിരുന്നു ആഷിഖിൻ്റെയും ഷിബിലിയുടെയും നീക്കം. ഇതിനായി ഫർഹാന നഗ്നയാകാനുള്ള ശ്രമങ്ങളും നടത്തി.
ഫർഹാനയെ ചേർത്തുനിറുത്തി സിദ്ദീഖിന്റെ നഗ്ന ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഷിബിലി കത്തി കാട്ടി ഭീഷണിപ്പെടുത്തി. വസ്ത്രങ്ങൾ അഴിപ്പിച്ചെങ്കിലും ചെറുത്തതിനാൽ വ്യക്തതയോടെ ഫോട്ടോയെടുക്കാൻ കഴിഞ്ഞില്ല. പിടിവലിക്കിടെ സിദ്ദീഖ് നിലത്തുവീണു. ഫർഹാന ബാഗിൽ കരുതിയിരുന്ന ഇരുമ്പ് ചുറ്റിക ഷിബിലിക്ക് കൈമാറി. ഇതുപയോഗിച്ച് ഷിബിലി തലയ്ക്ക് രണ്ട് തവണ ആഞ്ഞടിച്ചു. ആഷിഖ് നെഞ്ചിൽ പലവട്ടം ആഞ്ഞുചവിട്ടി. വാരിയെല്ല് തകരുകയും ശ്വാസകോശത്തിന് പരിക്കേൽക്കുകയും ചെയ്തു. ഫർഹാനയും മർദ്ദിച്ചു. അരമണിക്കൂറിലധികം നീണ്ട ക്രൂരമർദ്ദനത്തോടെ സിദ്ദീഖ് മരിച്ചു.
കോഴിക്കോട് മാനാഞ്ചിറയിൽ പോയി ആഷിഖ് ട്രോളി ബാഗ് വാങ്ങി വന്നു. അതിൽ കയറ്റാൻ കഴിഞ്ഞില്ല. മൃതദേഹം ബാത്ത് റൂമിലേക്ക് മാറ്റി. അടുത്ത ദിവസം രാവിലെ ഇതേ കടയിൽ നിന്ന് ആഷിഖ് മറ്റൊരു ട്രോളി ബാഗും ഉച്ചയ്ക്ക് 12.30ഓടെ പുഷ്പ ജംഗ്ഷനിൽ നിന്ന് ഷിബിലി ഇലക്ട്രിക് കട്ടറും വാങ്ങി. ബാത്ത് റൂമിൽ വച്ച് മൃതദേഹം രണ്ടാക്കി. പോളിത്തീൻ കവറിൽ പൊതിഞ്ഞ് ട്രോളി ബാഗുകളിലാക്കി. പാലക്കാട് അട്ടപ്പാടിയിലെ കൊക്കയിൽ കൊണ്ടുതള്ളുകയായിരുന്നു. റൂമിൽ ചോരയുടെ മണം പടരാതിരിക്കാൻ പെർഫ്യൂമും ഫ്ലോർ ക്ലീനറും ഉപയോഗിച്ചു. ചോര തുടയ്ക്കാൻ വാങ്ങിയ തുണികൾ ബാഗിലാക്കി കൊണ്ടുപോയി.
.മെയ് 22 ന് സിദ്ധിഖിന്റെ മകൻ പിതാവിനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സിദ്ദീഖിന്റെ ഹോട്ടലിൽ ജീവനക്കാരനായിരുന്ന ഷിബിലിയെയും കാണാനില്ലെന്ന് പൊലീസ് അറിഞ്ഞു. ഷിബിലിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾക്കൊപ്പം ഫര്ഹാനയെന്ന 18കാരി കൂടി ഉണ്ടെന്നും പൊലീസിന് വ്യക്തമായി. ഇതിനിടയിൽ പ്രതികൾ കേരളം വിട്ടു. മദ്രാസിലേക്ക് പോയി അവിടെ നിന്ന് അസമിലേക്ക് കടക്കാനായിരുന്നു ശ്രമം. എന്നാൽ റെയിൽവെ സ്റ്റേഷനിൽ വെച്ച് പ്രതികൾ പിടിയിലാവുകയായിരുന്നു.