കരസേന മേധാവി മണിപ്പൂരിൽ; അമിത് ഷാ നാളെയെത്തും, പ്രത്യേക സൈനിക കേന്ദ്രം തുറന്ന് അസം റൈഫിൾസ്
ഇംഫാൽ: കരസേന മേധാവി മനോജ് പാണ്ഡെ മണിപ്പൂരിലെത്തി. സംസ്ഥാനത്ത് വീണ്ടും കലാപമുണ്ടായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് സൈനിക മേധാവി ദ്വിദിന സന്ദർശനത്തിനായി ഇന്നലെ മണിപ്പൂരിലെത്തിയത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് ഈസ്റ്റേൺ കമാൻഡ് ഉദ്യോഗസ്ഥർ സൈനിക മേധാവിയോട് വിശദീകരിച്ചു. അതേസമയം ആഭ്യന്തരമന്ത്രി അമിത്ഷാ നാളെ മണിപ്പൂരിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനമാണ് അമിത്ഷാ നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് പുതിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യൻ സൈന്യവും അസം റൈഫിൾസും മണിപ്പൂരിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മണിപ്പൂർ അതിർത്തിയിൽ അസം റൈഫിൾസ് പ്രത്യേക കേന്ദ്രം തുറന്നു. കൂടുതൽ സംഘർഷം നടക്കുന്ന 38 സ്ഥലങ്ങളിൽ കൂടുതൽ സൈനികരെ നിയോഗിച്ചിട്ടുണ്ട്.
ഇംഫാൽ ഈസ്റ്റിലും ചർചന്ദ്പൂരിലും ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെടി വയ്പ്പ് സുരക്ഷ സംഘങ്ങൾ ഇടപെട്ട് തടഞ്ഞു. ഇവിടെ ആയുധധാരികളായ ചിലർ വെടിയുതിർത്ത ശേഷം കാട്ടിലെക്ക് രക്ഷപ്പെട്ടതായി സൈന്യം വ്യക്തമാക്കി. വെടി വയ്പ്പിൽ ആർക്കും പരിക്കില്ല. ഗോത്ര വിഭാഗത്തിൽ ഉൾപ്പെടാത്ത മെയ്‌തേയ് വിഭാഗത്തിന് പട്ടിക വർഗ പദവി നൽകാനുള്ള 10 വർഷം മുമ്പേയുള്ള തീരുമാനം നടപ്പാക്കാൻ മണിപ്പൂർ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടതാണ് അക്രമങ്ങൾക്ക് ഇടയാക്കിയത്. മേയ് നാലിനാണ് മണിപ്പൂരിൽ അക്രമം തുടങ്ങിയത്. ഇതുവരെ കൊല്ലപ്പെട്ടു.