അരിക്കൊമ്പൻ വനമേഖലയിലേക്ക്, കമ്പം ബൈപ്പാസ് മറികടന്നു, സഞ്ചാരം നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പ്
ഇടുക്കി : കമ്പം ടൗണിൽ പരിഭ്രാന്തി പപരത്തിയ അരിക്കൊമ്പൻ വനമേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. കമ്പം ബൈപ്പാസ് മറികടന്ന അരിക്കൊമ്പനെ തമിഴ് നാട് വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. ലോവർ ക്യാമ്പ് ഭാഗത്തേക്കോ കമ്പംമേട്ടിലേക്കോ ആന നീങ്ങാനാണ് സാദ്ധ്യത കല്പിക്കുന്നത്,
നേരത്തെ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി മേഘമല കടുവ സങ്കേതത്തിലേക്ക് മാറ്റാൻ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. മേഘമല സി.സി.എഫിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തീകരിക്കാനാണ് തമിഴ്നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മൂന്നു കുങ്കിയാനകളും പാപ്പാൻമാരും മയക്കുവെടി വിദഗ്ദ്ധരും ഡോക്ടർമാരും ടീമിലുണ്ടാകും.
കഴിഞ്ഞ ദിവസം ലോവർക്യാമ്പ് മേഖലയിലായിരുന്ന അരിക്കൊമ്പൻ ഇന്ന് രാവിലെയാണ് ഗൂഢല്ലൂർ കടന്ന് കമ്പത്ത് എത്തിയത്. ജനവാസ മേഖലയിൽ എത്തിയ കൊമ്പൻ ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങൾ തകർത്തു. ആനയെ കണ്ട് പേടിച്ചോടിയ ഒരാൾക്ക് വീണ് പരിക്കേറ്റു. അരിക്കൊമ്പനെ തുരത്താനുള്ള ശ്രമത്തിനിടെയും ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.