തീരസംരക്ഷണ സേനയ്ക്ക് സ്വതന്ത്ര വ്യോമകേന്ദ്രം

Sunday 28 May 2023 2:52 AM IST

സ്വകാര്യ ഭൂമിയേറ്റെടുക്കലിന് വിജ്ഞാപനമിറക്കി

തിരുവനന്തപുരം: കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കും തെരച്ചിലിനുമായി ആഭ്യന്തര വിമാനത്താവളത്തിന് സമീപത്തായി തീരസംരക്ഷണ സേനയുടെ സ്വതന്ത്ര വ്യോമകേന്ദ്രം (കോസ്റ്റ്ഗാർഡ് എൻക്ലേവ്) വരുന്നു. വ്യോമകേന്ദ്രത്തിനായി ചെറിയതുറ വാർഡിൽ വലിയതോപ്പ് കവലയ്ക്ക് സമീപത്തായി പേട്ട വില്ലേജിൽപെട്ട 0.2832ഹെക്ടർ ഭൂമിയേറ്റെടുക്കാൻ കളക്ടർ വിജ്ഞാപനമിറക്കി. സാമൂഹ്യാഘാതപഠനവും പൂർത്തിയാക്കി.സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷൻ യൂണിറ്റിന്റെ എയർവിംഗ്,ടെക്നിക്കൽ ഏരിയ എന്നിവയടങ്ങിയതാണ് എയർ എൻക്ലേവ്.

തലസ്ഥാനത്ത് എയർസ്ട്രിപ്പില്ലാത്തത് കടലിലെ രക്ഷാദൗത്യങ്ങൾക്ക് തടസമാവുന്നതായി തീരസംരക്ഷണസേന അറിയിച്ചതനുസരിച്ചാണ് എൻക്ലേവിന് 2019ൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്.ഓഖി ചുഴലിക്കാറ്റിൽ കടലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കൊച്ചിയിൽ നിന്ന് വിമാനങ്ങളെത്തിക്കേണ്ടിവന്നു.വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവുന്നതോടെ ജലഗതാഗതവും അപകടങ്ങളും വർദ്ധിക്കും.വി.എസ്‍.എസ്‍.സി, ബ്രഹ്മോസ് പോലുള്ള തന്ത്രപ്രധാനമായ സ്ഥാപനങ്ങളുള്ള പ്രദേശമായതിനാൽ അടിയന്തരഘട്ടങ്ങളിൽ പ്രതികരിക്കാനും എയർസ്ട്രിപ്പ് ആവശ്യമാണ്.

എയർ എൻക്ലേവിനായി ആഭ്യന്തര വിമാനത്താവളത്തിന്റെ കാർഗോ ടെർമിനലിനോടു ചേർന്ന 1.42ഏക്കർ സ്ഥലം എയർപോർട്ട് അതോറ്റി തീരസംരക്ഷണ സേനയ്ക്ക് അനുവദിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്ത അദാനി ഗ്രൂപ്പ്,വിമാനത്താവള വികസനത്തിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കിയ ശേഷം ഭൂമി നൽകുന്നതിൽ തീരുമാനമെടുക്കാമെന്ന നിലപാടെടുത്തതോടെ പദ്ധതി വൈകുകയായിരുന്നു.ഇതോടെയാണ് ചെറിയതുറയിലെ സ്വകാര്യ ഭൂമിയേറ്റെടുക്കാൻ തീരുമാനിച്ചത്.

സാമൂഹ്യാഘാതപഠന റിപ്പോർട്ടും ഏറ്രെടുക്കേണ്ട ഭൂമിയുടെ പട്ടികയും കളക്ടർ പ്രസിദ്ധീകരിച്ചു.

ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സർവേ നടത്തി അതിരടയാളം രേഖപ്പെടുത്താനുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറക്കിയത്. 2020 മാർച്ചിൽ ഭൂമിയേറ്റെടുക്കലിന് സർക്കാർ ഭരണാനുമതി നൽകിയിരുന്നു. പ്ലാനറ്റ് കേരളയാണ് സാമൂഹ്യാഘാതപഠനം നടത്തിയത്. ഭൂമിയേറ്റെടുക്കലിനുള്ള പണം തീരസംരക്ഷണസേന സർക്കാരിന് നൽകും.

കടലിലെ രക്ഷാദൗത്യം ഊർജ്ജിതമാവും

വ്യോമകേന്ദ്രം സജ്ജമായാൽ ഒരു സമയം നാലു വിമാനങ്ങൾക്ക് രക്ഷാപ്രവർത്തനം നടത്താനാവും.

വ്യോമകേന്ദ്രം വഴി സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നതോടെ തീരസംരക്ഷണ സേനയുടെ പ്രവ‌ർത്തനം കൂടുതൽ ഊർജ്ജിതമാവും.

തെരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി കൊച്ചിയിൽ നിന്ന് വിമാനങ്ങളെത്തിക്കേണ്ട. എൻക്ലേവിൽ നിന്ന് ഉടനടി രക്ഷാപ്രവ‌ർത്തനം തുടങ്ങാം

10.96കോടി

കോസ്റ്റ്ഗാർഡ് എൻക്ലേവിന് 2019ൽ കണക്കാക്കിയ ചെലവ്. മുഴുവൻ ചെലവും കേന്ദ്രസർക്കാരാണ് വഹിക്കുക.

കൊച്ചിയിൽ റെഡി

നെടുമ്പാശേരി വിമാനത്താവളത്തോടു ചേർന്ന് കൊച്ചിയിലെ കോസ്റ്റ്ഗാർഡിന്റെ എൻക്ലേവ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പത്ത് ഏക്കർ സ്ഥലത്താണ് വ്യോമകേന്ദ്രം നിർമ്മിച്ചത്. മംഗലാപുരം മുതൽ കന്യാകുമാരി വരെയുള്ള തീരനിരീക്ഷണത്തിന്റെ ചുമതല ഇവിടേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് വിമാനങ്ങൾ അവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യാം.

Advertisement
Advertisement