മൻ കി ബാത്ത് 101-ാം എപ്പിസോഡ് പുതിയ മന്ദിരത്തിൽ

Sunday 28 May 2023 10:58 AM IST

ന്യൂഡൽഹി: മൻ കി ബാത്ത് 101-ാം എപ്പിസോഡിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് പുതിയ പാർലമെന്റ് സമുച്ചയത്തിൽ. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി രാവിലെ 10.30ന് സെൻട്രൽ ഹാളിൽ വീർ സവർക്കറുടെ ഫോട്ടോയ്ക്ക് പുഷ്പാർച്ചന അർപ്പിക്കും. ഈ ചടങ്ങിൽ പങ്കെടുക്കാൻ എല്ലാ ബി.ജെ.പി എം.പിമാർക്കും ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഇതിന് ശേഷം 10.45ന് പാർലമെന്റ് ലൈബ്രറി ബിൽഡിംഗിലെ ജി.എം.സി ബാലയോഗി ആഡിറ്റോറിയത്തിൽ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 101-ാം എപ്പിസോഡിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

ജനം വലിയ ആവേശത്തിലെന്ന് പ്രധാനമന്ത്രി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്നതിൽ ജനം വലിയ ആവേശത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനങ്ങളുമായി ബസപ്പെട്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള വേദിയായി പുതിയ പാർലമെന്റ് മന്ദിരം മാറട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ചെങ്കോൽ നിർമ്മിച്ച വുമ്മിടി കുടുംബത്തെ ആദരിക്കും. കുടുംബത്തിലെ 15 അംഗങ്ങൾ പങ്കെടുക്കും.