അരിക്കൊമ്പനെ കമ്പത്ത് ഇന്ന് മയക്കുവെടി വയ്ക്കും, അഞ്ച് വാഹനങ്ങൾ തകർത്തു , മൂന്ന് പേർക്ക് വീണ് പരിക്ക്

Sunday 28 May 2023 4:00 AM IST

കമ്പം: തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി ഭീതിവിതച്ച അരിക്കൊമ്പനെ ഇന്ന് മയക്കു വെടിവച്ച് പിടികൂടി മേഘമല വന്യജീവി സങ്കേതത്തിലെ വെള്ളിമലയിൽ വിടും. ഇതിനായി കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. ദൗത്യം പുലർച്ചെ ആരംഭിക്കും.

ഇന്നലെ 7.15 ഓടെയായിരുന്നു ലോവർ ക്യാമ്പ് മേഖലയിൽ നിന്ന് കാടിറങ്ങി കമ്പം ടൗണിലെത്തിയത്. നാട്ടുകാർ ബഹളം വച്ച് തുരത്താൻ ശ്രമിച്ചതോടെ ആന തെരുവിലൂടെ തലങ്ങും വിലങ്ങുമോടി അഞ്ച് വാഹനങ്ങൾ തകർത്തു. ഒരു ഓട്ടോറിക്ഷ തള്ളിക്കൊണ്ടുപോയി ഓടയിലിട്ടു. ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ മൂന്ന് പേർക്ക് വീണ് പരിക്കേറ്റു. ഓടയിൽ വീണ ഒരാളുടെ നില ഗുരുതരമാണ്.

പിന്നാലെ ജില്ലാ ഭരണകൂടം കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനം പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി. ആകാശത്തേക്ക് വെടിവച്ചും പടക്കം പൊട്ടിച്ചും അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആന വിരണ്ടോടിയപ്പോൾ റോഡരികിൽ വൃദ്ധയായ സ്ത്രീ നിൽപ്പുണ്ടായിരുന്നെങ്കിലും ഉപദ്രവിച്ചില്ല.

അധികൃതർ ആദ്യം പകച്ച് പോയെങ്കിലും മിനിറ്റുകൾക്കം നൂറുകണക്കിന് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും അഗ്നി രക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉച്ചയോടെ ചൂടിൽ നിന്ന് രക്ഷനേടാൻ അരിക്കൊമ്പൻ ടൗണിനോട് ചേർന്ന പുളിമര തോട്ടത്തിൽ അഭയം പ്രാപിച്ചു. ഇവിടെ വച്ച് മയക്കുവെടി വയ്ക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്ത് ഡ്രോൺ ക്യാമറ പറന്നെത്തിയത് കണ്ട് വീണ്ടും വിരണ്ടോടി. ഏറെ ദൂരം പോയ ശേഷം തിരികെ ഈ ഭാഗത്ത് തന്നെ എത്തി. ഇവിടെ നിന്ന് പുറത്തേക്ക് കടക്കാനായി ഒരു വഴി മാത്രമാണുള്ളത്. ഇത് വനംവകുപ്പ് അടച്ചിരിക്കുകയുമാണ്. രാത്രി വൈകിയും കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാതയോട് ചേർന്നുള്ള കൃഷിഭൂമിയിൽ ആന തുടരുകയാണ്.