ട്രാവൽ കെയർ ഉടമയെ തേടി പൊലീസ്
കൊച്ചി: 16 അംഗ വിനോദയാത്രാ സംഘത്തെ തായ്ലൻഡിൽ ചതിയിൽപ്പെടുത്തി ഒളിവിൽ പോയ ഏറ്റുമാനൂർ നീണ്ടൂർ റോഡിലെ 'ട്രാവൽ കെയർ" ഏജൻസി ഉടമ അഖിലിനെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. യാത്രാ സംഘാംഗമായിരുന്ന കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യരുടെ പരാതിയിൽ ഏറ്റുമാനൂർ സി.ഐ പ്രസാദ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അഖിലിന്റെ ഭാര്യാ സഹോദരന്റെ ഫോണിൽ നിന്നു കണ്ടെത്തിയ നമ്പരുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ട്രാവൽ ഏജൻസി ഓഫീസ് ഒരാഴ്ചയായി അടഞ്ഞുകിടക്കുകയാണെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു. പണം നഷ്ടപ്പെട്ടവർ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തി മടങ്ങി. ഏറെപ്പേർ തട്ടിപ്പിനിരയായതായി സംശയിക്കുന്നു. അഖിലിന് തായ്‌ലൻഡിൽ ബിസിനസോ മറ്റ് ഇടപാടുകളോ ഉണ്ടായിരുന്നതായി അറിവില്ലെന്ന് 10 വർഷമായി അവിടെ ഹോട്ടൽ വ്യവസായം നടത്തുന്ന ഷാൻ പറഞ്ഞു. വർഷങ്ങളോളം പട്ടായയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നെന്നാണ് ഇടപാടുകാരെ ഇയാൾ വിശ്വസിപ്പിച്ചിരുന്നത്.
ചതി, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് സി.ഐ പ്രസാദ് ഏബ്രഹാം പറഞ്ഞു. പാലക്കാട് കുഴൽമന്ദം സ്വദേശിയായ ഇയാൾ ഒരുവർഷമായി കുറവിലങ്ങാടിനടുത്താണ് താമസം. രണ്ടാം ഭാര്യയോടൊപ്പം സ്ഥലം വിട്ട ഇയാളെ പിടികൂടാൻ കൂടുതൽ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാൻ ഇയാളുടെ ബന്ധുക്കളെ വിളിപ്പിച്ചിട്ടുണ്ട്.