കടുവക്കുഞ്ഞുങ്ങളുടെ വരവ് ആഘോഷമാക്കി മെം‌ഫിസ് മൃഗശാല

Sunday 28 May 2023 6:25 AM IST

ന്യൂയോർക്ക് : നീണ്ട 25 വർഷങ്ങൾക്ക് ശേഷം വിരുന്നെത്തിയ അതിഥികളുടെ വരവ് ആഘോഷമാക്കി യു.എസിലെ മെം‌ഫിസ് മൃഗശാല. വംശനാശ ഭീഷണി നേരിടുന്ന സുമാത്രൻ കടുവക്കുഞ്ഞുങ്ങളുടെ ജനനമാണ് മൃഗശാല ആഘോഷമാക്കിയത്. ഈ മാസം ആദ്യമാണ് മൃഗശാലയിലെ ഏഴ് വയസുള്ള സുമാത്രൻ കടുവയായ ഡാരി രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

മൃഗശാല അധികൃതർ കടുവക്കുഞ്ഞുങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. 1998ലാണ് മെം‌ഫിസ് മൃഗശാലയിൽ അവസാനമായി സുമാത്രൻ കടുവക്കുഞ്ഞുങ്ങൾ ജനിച്ചത്. നിലവിൽ മൃഗശാല ജീവനക്കാരുടെ പരിചരണത്തിലാണ് കടുവക്കുഞ്ഞുങ്ങൾ. മേയ് 5ന് പിറന്ന ഇവർക്ക് വാക്സിനേഷൻ നൽകണം.

കടുവകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ വംശനാശം നേരിടുന്നവയാണ് സുമാത്രൻ കടുവകൾ. വനത്തിൽ 400ൽ താഴെ മാത്രം സുമാത്രൻ കടുവകളേ അവശേഷിക്കുന്നുള്ളൂ എന്നാണ് വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ടിന്റെ കണക്ക്. ഇൻഡോനേഷ്യയിലെ സുമാത്ര ദ്വീപിലാണ് ഇവയെ കാണാനാവുക.

ആവാസ വ്യവസ്ഥയുടെ നാശം, വേട്ടയാടൽ, മനുഷ്യരുമായുള്ള സംഘർഷങ്ങൾ എന്നിവയാണ് ഇവയുടെ എണ്ണം ഗണ്യമായി കുറയാൻ കാരണം. അതേ സമയം,​ ലോകത്തെ ഏറ്റവും വലിയ കടുവകൾ അമുർ കടുവകളാണ് ( സൈബീരിയൻ കടുവ ). വേട്ടയാടലിനെ തുടർന്ന് ഇവയും വംശനാശത്തിന്റെ വക്കിലാണ്. ഏകദോശം 700ൽ താഴെയാണ് ഇപ്പോൾ ലോകത്തെ ആകെ അമുർ കടുവകളുടെ എണ്ണം.

Advertisement
Advertisement