ഗുസ്തി താരങ്ങളുടെ പാർലമെന്റ് മാർച്ചിൽ പ്രതിഷേധം അണപൊട്ടി, ബാരിക്കേഡുകൾ ചാടിക്കടന്ന് സമരക്കാർ, സാക്ഷി മാലിക് അടക്കമുള്ളവർക്കുനേരെ ബലപ്രയോഗം

Sunday 28 May 2023 12:07 PM IST

ന്യൂഡൽഹി:ബ്രിജ് ഭൂഷൺ എം പിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ജന്തർമന്ദറിൽ നിന്ന് പാർലമെന്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ചാടിക്കടന്ന ഗുസ്തി താരങ്ങൾ മുന്നോട്ട് പോവുകയായിരുന്നു. പ്രതിഷേധം തടയാൻ വൻ പൊലീസ് സന്നാഹത്തെയാണ് ഏർപ്പെടുത്തിയിരുന്നതെങ്കിലും അവരെ മറികടന്നാണ് താരങ്ങൾ മുന്നോട്ടുപോയത്. വിനേഷ് ഫൊഗട്ടും, ബജ്റംഗം പൂനിയയും സാക്ഷി മാലിക്കും അടക്കമുള്ളവരാണ് മാർച്ച് നയിച്ചത്. അറസ്റ്റുചെയ്ത സാക്ഷിമാലിക്കിനെ പൊലീസ് കയ്യേറ്റം ചെയ്യുന്ന അവസ്ഥയുണ്ടായി. ഇതാേടെ പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു. ഇവരെ വലിച്ചിഴച്ച് നീക്കം ചെയ്തുവെന്ന് ആക്ഷേപമുണ്ട്. പൊലീസ് ഇപ്പോൾ സമരക്കാരെ പൂർണമായും വളഞ്ഞിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധപരിപാടിയായ 'മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്' എന്തുവിലകൊടുത്തും നടത്തുമെന്ന് നേരത്തേ താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകള്‍ ഇവിടേക്ക് എത്തിച്ചേരുമെന്നും പ്രഖ്യാപിച്ചിരുന്നു.ഇതിനെത്തുടർന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇതിനെയെല്ലാം മറികടന്നാണ് പ്രതിഷേധക്കാർ മുന്നോട്ടുനീങ്ങിയത്. പ്രതിഷേധക്കാർ മുന്നോട്ടുപോകാതിരിക്കാനായി റോഡിൽ മൂന്നിടത്താണ് ബാരിക്കേഡുകൾ നിരത്തിയിരുന്നത്.