രാജ്യത്തിന്റെ മതേതര നിലപാട് മറന്നു; പാർലമെന്റ് ഉദ്ഘാടനത്തെ കേന്ദ്രം മതപരമായ ചടങ്ങാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി

Sunday 28 May 2023 7:45 PM IST

കോഴിക്കോട്: ഇന്ത്യ മതേതര റിപ്പബ്ളിക്കാണെന്ന കാര്യം മറന്നാണ് കേന്ദ്രസർക്കാർ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്രസർക്കാർ മതപരമായ ചടങ്ങാക്കി തീർത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതനിരപേക്ഷത അംഗീകരിക്കുന്ന സർക്കാരിൽ നിന്ന് ഒരു പൊതുവേദിയിൽ ഉണ്ടാകേണ്ട കാര്യമല്ല ഇന്ന് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ ചുമതലയുള്ള കേന്ദ്രസർക്കാരിൽ നിന്ന് തന്നെ ഭീഷണി ഉയരുന്നതായും പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ പലതിനെയും അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. ജുഡീഷ്യറിയെ കാൽക്കീഴിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. ജനാധിപത്യ രാജ്യത്തോട് യോജിപ്പുള്ളവരല്ല ആർഎസ്എസ്. രാജ്യത്തെ മതരാഷ്ട്രമാക്കാനാണ് അവർ ശ്രമിക്കുന്നത്. അതാണ് ഇന്ന് പാർലമെന്റിൽ കണ്ടത് മുഖ്യമന്ത്രി തുടർന്നു.

സുഗമമായ പാർലമെന്റ് പ്രവർത്തനത്തെ ബിജെപി തടസപ്പെടുത്തുന്നു എന്ന് പറഞ്ഞ് മുഖ്യമന്ത്രി കേന്ദ്രം സംസ്ഥാന സർക്കാരിന്റെ അധികാരം കവർന്നെടുക്കാനാണ് ശ്രമിക്കുന്നതെന്നും ആവർത്തിച്ചു. അധികാരം കൂടുതലായി കേന്ദ്രത്തിലേയ്ക്ക് കേന്ദ്രീകരിക്കുന്നു. സംസ്ഥാനവുമായി കൂടിയാലോചിക്കാതെ പല നിർണായക തീരുമാനങ്ങളുമെടുക്കുന്നു. കരാറുകളടക്കം ചർച്ച ചെയ്യാതെ ഒപ്പുവെയ്ക്കുമ്പോൾ ഇത്തരം തീരുമാനങ്ങൾ സംസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്ന് കേന്ദ്രം ആലോചിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു.

പ്രളയ കാലത്ത് കേന്ദ്രം സംസ്ഥാനത്തോട് പക്ഷപാതപരമായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. വേണ്ട സഹായം അനുവദിച്ചില്ല. വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് തടയിട്ടു. സഹായത്തിന് വിദേശരാജ്യത്ത് പോകാനുള്ള മന്ത്രിമാരുടെ നീക്കവും തടഞ്ഞു. കിഫ്ബിയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ കൊണ്ട് വരാൻ ശ്രമിക്കുന്നു. ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളോടും ഒരേ നിലപാടല്ല കേന്ദ്രത്തിനുള്ളത്. കേരളത്തെ എങ്ങനെ ശ്വാസം മുട്ടിക്കാമെന്നാണ് കേന്ദ്രം നോക്കുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.