ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റു ചെയ്യണം,​ കസ്റ്റഡിയിലെടുത്ത ഗുസ്തിതാരങ്ങളെ വിട്ടയക്കണം,​ പൊലീസിനോട് ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷ,​ കമ്മിഷണർക്ക് കത്തയച്ചു

Sunday 28 May 2023 9:13 PM IST

ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ബി.ജെ.പി എം.പിയും റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പൊലീസ് കമ്മിഷണർക്ക് കത്തയച്ചു.

ഇന്ന് നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത എല്ലാ ഗുസ്തിതാരങ്ങളെയും വിട്ടയക്കണമെന്നും സ്വാതി മലിവാൾ കത്തിൽ ആവശ്യപ്പെട്ടു. . താരങ്ങളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കത്തിൽ പറയുന്നു.

ഗുസ്തിതാരങ്ങളെ ഡൽഹി പൊലീ,സ് കൈയേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് വനിതാ കമ്മിഷൻ ഇടപെട്ടത്.

ഇന്ന് ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തടഞ്ഞ പൊലീസ് സാക്ഷി മാലിക്ക്,​ വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു,​ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു താരങ്ങൾക്ക് പിന്തുണയുമായെത്തിയ കർഷക നേതാക്കളെയും പൊലീസ് ഡൽഹി അതിർത്തിയിൽ തടഞ്ഞു.