ജന്തർ മന്ദറിൽ പൊലീസിന്റെ അഴിഞ്ഞാട്ടം,​ ഗുസ്‌തി താരങ്ങളെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു, വേദി പൊളിച്ചു

Monday 29 May 2023 12:46 AM IST

താരങ്ങളെ വൈകിട്ട് മോചിപ്പിച്ചു

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്ന അതേസമയം, ജന്തർ മന്ദറിൽ സമരം നടത്തിവന്ന വനിതാ ഗുസ്‌തി താരങ്ങളെ ഡൽഹി പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. ടെന്റുകൾ പൊളിച്ചുനീക്കി. മാധ്യമപ്രവർത്തകർക്ക് നേരേ തട്ടിക്കയറിയ പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ അവിടെ പ്രവേശിക്കുന്നത് വിലക്കി.

കസ്റ്റഡിയിലെടുത്ത വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവരെ വൈകിട്ടോടെ മോചിപ്പിച്ചു.

അതിനിടെ, ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവിയും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതിൽ താരങ്ങൾ പ്രതിഷേധിച്ചു. പൊലീസ് നടപടിയെ പ്രതിപക്ഷം അപലപിച്ചു.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ജന്തർ മന്ദറിൽ സംഘർഷം രൂപപ്പെട്ടത്. ഉദ്ഘാടന ദിവസം പുതിയ പാർലമെന്റിന് മുന്നിൽ വനിത മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബാരിക്കേഡുകൾ മറികടന്ന് കുതിച്ച താരങ്ങളെ പൊലീസ് തടഞ്ഞതോടെ തർക്കമായി. പൊലീസ് ബലംപ്രയോഗിച്ച് താരങ്ങളെ കസ്റ്റഡിയിലെടുത്തു. വലിച്ചിഴച്ചു.

കൂടുതൽ ബാരിക്കേഡുകൾ നിരത്തി മാധ്യമപ്രവർത്തകരെ മാറ്റിയ ശേഷം സമരപന്തൽ പൊലീസ് പൊളിച്ചു. മുഴുവൻ സാധനങ്ങളും കൊണ്ടുപോയി.

ഐക്യദാർഢ്യമർപ്പിച്ചെത്തിയ കർഷകരെയും, വിദ്യാർത്ഥികൾ അടക്കമുളളവരെയും കസ്റ്റഡിയിലെടുത്ത് മാറ്റി. ഡൽഹി പൊലീസിന്റെയും, കേന്ദ്ര സേനയുടെയും വൻസന്നാഹമായിരുന്നു ജന്തർ മന്ദറിൽ. കർഷകരുടെ വലിയ പങ്കാളിത്തം പ്രതീക്ഷിച്ച് ഡൽഹിയിലെ അതിർത്തികളിൽ വാഹന പരിശോധന നടന്നു. കർഷകരുടെ വാഹനങ്ങൾ പൊലീസ് തിരിച്ചുവിട്ടെന്ന് ആരോപണമുണ്ട്.

Advertisement
Advertisement