തട്ടിപ്പ് കേസ് പ്രതിയെ പിടികൂടി
കൊച്ചി: മാതാവിന്റെ സമ്മതമില്ലാതെ കുട്ടികളെ കൊണ്ടുപോയെന്ന കേസിന്റെ അന്വേഷണത്തിനിടെ
തട്ടിപ്പുകേസ് പിടിയിലായി. വാളകം പൂവനത്തുമ്പള പുത്തൻ വീട്ടിൽ സന്തോഷ് കുമാറി(49)നെയാണ് ചേരാനെല്ലൂർ പൊലീസ് പിടികൂടിയത്. പ്രാഥമിക അന്വേഷണത്തിൽ സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത് ഉൾപ്പെടെ നിരവധി കേസുകൾ സന്തോഷിന്റെ പേരിലുണ്ടെന്നാണ് വിവരം. ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് വിവരമുണ്ട്.
സമ്മതമില്ലാതെ കുട്ടികളെ കൂട്ടിക്കൊണ്ടുപോയെന്ന ഇയാളുടെ പങ്കാളിയായ കൊച്ചി സ്വദേശിനിയുടെ പരാതിയിലുള്ള അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സന്തോഷും പങ്കാളിയും വാടകയ്ക്ക് താമസിച്ചിരുന്ന ഇടപ്പള്ളി കുന്നുംപുറത്തെ വീട്ടിലെത്തി രണ്ടരയും ഒന്നര വയസും പ്രായമുള്ള കുട്ടികളെ പിതാവായ സന്തോഷ്‌കുമാർ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. രാത്രി വൈകിയിട്ടും തിരിച്ചെത്താതായതോടെ യുവതി ഫോൺ ബന്ധപ്പെട്ടെങ്കിലും പ്രതി കുട്ടികളെ തിരിച്ചെത്തിക്കാൻ തയ്യാറായില്ല. യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി ചേരാനെല്ലൂർ പൊലീസിനെ സമീപിച്ചത്. ചൈൽഡ് ലൈനിലും പരാതി നൽകി. ചേരാനെല്ലൂർ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ മരടിലുണ്ടെന്ന് വ്യക്തമായി. സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് പൊലീസ് മരടിലെത്തി സന്തോഷിനെ കസ്റ്റഡിയിലെടുത്തു. കുട്ടികളെ ചൈൽഡ് ലൈന്റെ നിർദേശപ്രകാരം മാതാവിന് വിട്ടുകൊടുത്തു. കൂടുതൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ഇയാളുടെ പേരിൽ ചേരാനല്ലൂർ പൊലീസ് കേസെടുത്തിട്ടില്ല.