കടന്നാക്രമിച്ച് പ്രതിപക്ഷം ; ശവപ്പെട്ടിയോട് ഉപമിച്ച് ആർ.ജെ.ഡി

Monday 29 May 2023 12:04 AM IST

ന്യൂ ഡൽഹി : പുതിയ പാർലമെന്റ് ഉദ്ഘാടനദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷമായ വിമർശനം. രാഷ്ട്രീയ ജനതാദൾ (ആർ.ജെ.‌ഡി) ഒരു പടികൂടി കടന്ന് പുതിയ മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ചത് ബി.ജെ.പിയെ പ്രകോപിപ്പിച്ചു.

 രാഹുൽ ഗാന്ധി : പാർലമെന്റ് ജനത്തിന്റെ ശബ്‌ദമാണ്. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തെ കിരീടധാരണം പോലെയാണ് പ്രധാനമന്ത്രി കാണുന്നത്

 മല്ലികാർജ്ജുൻ ഖാർഗെ, കോൺഗ്രസ് അദ്ധ്യക്ഷൻ : ഉദ്ഘാടനം ചെയ്യാനുളള രാഷ്ട്രപതിയുടെ അവകാശം പ്രധാനമന്ത്രി തട്ടിയെടുത്തു. ജനാധിപത്യം മന്ദിരങ്ങളിൽ നിന്നല്ല, ജനങ്ങളുടെ ശബ്‌ദത്തിലൂടെയാണ് പ്രവർത്തിക്കുന്നത്.

 ജയറാം രമേശ്, കോൺഗ്രസ് : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ശവസംസ്‌ക്കാരം നടത്തിയ ദിവസമാണ് മേയ് 28. സവ‌ർക്കറുടെ ജന്മദിനവും. അതേ ദിവസം തന്നെയാണ് ഗോത്രവിഭാഗക്കാരിയായ രാഷ്ട്രപതിയെ ഭരണഘടന ഉത്തരവാദിത്തം നിർവഹിക്കാൻ അനുവദിക്കാത്തത്.

 ശരദ് പവാർ, എൻ.സി.പി : രാജ്യത്തെ പിന്നോട്ടുകൊണ്ടുപോകുന്നു. ശാസ്ത്ര കാര്യങ്ങളിൽ വിട്ടുവീഴ്‌ച പാടില്ല. നെഹ്റു വിഭാവനം ചെയ്‌തതിന്റെ നേരേ വിപരീതമാണ് ഉദ്ഘാടന ദിവസമുണ്ടായത്

ശവപ്പെട്ടി ഉപമ, വിവാദം

പുതിയ പാർലമെന്റ് മന്ദിരത്തെ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ശവപ്പെട്ടിയോട് ഉപമിച്ചത് സാമൂഹ്യമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായി. പാർട്ടിയുടെ ഔദ്യോഗിക ട്വീറ്റർ പേജിലാണ് ശവപ്പെട്ടിയുടെയും പുതിയ മന്ദിരത്തിന്റെയും ചിത്രങ്ങൾ ചേർത്തുവച്ച്, ഇതെന്താണ് എന്ന ചോദ്യമുന്നയിച്ചത്. ട്വീറ്റ് ബി.ജെ.പിയെ പ്രകോപിപ്പിച്ചു. രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി നേതാവ് സുശീൽ മോദി ആവശ്യപ്പെട്ടു. ആർ.ജെ.ഡിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയായിരിക്കും ട്വീറ്രെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലയും പ്രതികരിച്ചു.

കോൺഗ്രസിനെ വെട്ടിലാക്കി തരൂർ

രണ്ട് വശവും മികച്ച വാദങ്ങളാണ് ഉന്നയിക്കുന്നതെന്ന ശശി തരൂർ എം.പിയുടെ പ്രതികരണം കോൺഗ്രസിനെ വെട്ടിലാക്കി. മോദിയെ നേരിട്ട് കടന്നാക്രമിക്കുമ്പോഴാണ് തരൂരിന്റെ നിലപാട്. ചെങ്കോൽ പരമാധികാരവുമായി ബന്ധപ്പെട്ട പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതാണെന്ന് കേന്ദ്രം വാദിക്കുന്നു. പരമാധികാരം ദൈവീകമായി കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവിയല്ലെന്നും, ഭരണഘടനപ്രകാരം ജനങ്ങളിൽ നിലനിൽക്കുന്നതാണെന്നും പ്രതിപക്ഷം പറയുന്നുവെന്നും തരൂർ ട്വീറ്റ് ചെയ്‌തതാണ് വിവാദമായത്. അതേസമയം, ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്‌ക്ക് ലഭിച്ച അധികാരകൈമാറ്റത്തിന്റെ ചിഹ്നമാണ് ചെങ്കോലെന്ന കേന്ദ്രസർക്കാരിന്റെ വാദത്തിന് തെളിവില്ലെന്ന് ശശി തരൂർ പിന്നീട് വ്യക്തമാക്കി.