രാജ്യത്തിനാകെ അഭിമാനം : രാഷ്ട്രപതി

Monday 29 May 2023 12:05 AM IST

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാജ്യത്തിന് മുഴുവൻ അഭിമാനവും വലിയ സന്തോഷവും നൽകുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു സന്ദേശത്തിൽ പറഞ്ഞു. രാജ്യ ചരിത്രത്തിൽ ഇത് സുവർണ്ണലിപിയിൽ എഴുതപ്പെടും. എപ്പോഴും പാർലമെന്റ് മന്ദിരം രാജ്യത്തിന് വഴികാട്ടിയാണ്. പുതിയ പാർലമെന്റ് മന്ദിരം നമ്മുടെ ജനാധിപത്യ പ്രക്രിയയിലെ സുപ്രധാന നാഴികക്കല്ലാണ്. പ്രധാനമന്ത്രി മന്ദിരം ഉദ്ഘാടനം ചെയ്തതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി പാർലമെന്റിന്റെ വിശ്വാസത്തിന്റെ പ്രതീകമാണ്.

കൊളോണിയൽ ചിന്തയിൽ

നിന്ന് മോചനം :ഉപരാഷ്ട്രപതി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടെ കൊളോണിയൽ ചിന്താഗതിയിൽ നിന്ന് രാജ്യം മോചനം നേടിയതായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ സന്ദേശത്തിൽ വ്യക്തമാക്കി. ഈ മന്ദിരം ഇന്ത്യൻ പാരമ്പര്യങ്ങളുടെ നെടുംതൂണാകും. നമ്മുടെ സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെയും പ്രതീകമാണ്. രാജ്യത്തിന് അഭിമാനമാണ്. ഇന്ത്യയുടെ അമൃത കാലത്ത് നിർമ്മിച്ച പാർലമെന്റ് ഭാവിയിൽ രാജ്യത്തിന്റെ വികസനത്തിന് സാക്ഷിയാകും. ഇന്ത്യൻ ജനാധിപത്യം നാഴികക്കല്ലിലെത്തിയ ഈ ദിവസം മുഴുവൻ രാജ്യത്തെയും ഞാൻ അഭിനന്ദിക്കുന്നു.