ആദ്യ യാത്ര പൂർത്തിയാക്കി ചൈനയുടെ സി919  ചൈന തദ്ദേശീയമായി നിർമ്മിച്ച ആദ്യ യാത്രാവിമാനം

Monday 29 May 2023 6:33 AM IST

ബീജിംഗ് : ചൈന തദ്ദേശീയമായി നിർമ്മിച്ച ആദ്യ യാത്രാവിമാനമായ കോമാക് സി919ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ യാത്ര പൂർത്തിയാക്കി. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 8.02ന് ഷാങ്ങ്‌ഹായി ഹോംഗ്കിയാവോ വിമാനത്താവളത്തിൽ നിന്ന് 130 യാത്രക്കാരുമായി പറന്ന വിമാനം രാവിലെ 10.01ന് ബീജിംഗിൽ ലാൻഡിംഗ് നടത്തി. എം.യു 9191 എന്ന കോഡ് നാമത്തിൽ ചൈന ഈസ്റ്റേൺ എയർലൈൻസാണ് വിമാനം പറത്തിയത്.

കൊമേഴ്ഷ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ ഒഫ് ചൈന ( കോമാക് ) നിർമ്മിച്ച ഈ സി919 വിമാനം ചൈന ഈസ്റ്റേൺ എയർലൈൻസിന് കഴിഞ്ഞ വർഷം ഡിസംബറിലാണ് കൈമാറിയത്. ശേഷം നിരവധി പരീക്ഷണ പറക്കലുകൾ നടത്തിയിരുന്നു.

ബിസിനസ്, ഇക്കോണമി എന്നീ രണ്ട് ക്ലാസുകളാണ് 168 സീറ്റുകളുള്ള ഇരട്ട എൻജിൻ വിമാനത്തിലുള്ളത്. അമേരിക്കയുടെ ബോയിംഗ്, യൂറോപ്പിന്റെ എയർബസ് എന്നിവയോടുള്ള മത്സരമായാണ് ചൈന സി919 രൂപകല്പന ചെയ്തിരിക്കുന്നത്.

5,555 കിലോമീറ്ററാണ് വിമാനത്തിന്റെ ദൂരപരിധി. 2008ലാണ് സി919 നിർമ്മാണത്തിനുള്ള പദ്ധതി അവതരിപ്പിച്ചത്. 2011 ഡിസംബറിൽ നിർമ്മാണം ആരംഭിച്ചു. 2017ലാണ് വിമാനത്തിന്റെ ആദ്യ പറക്കൽ നടത്തിയത്.

Advertisement
Advertisement