എൻ വി എസ് - 01 വിക്ഷേപണം വിജയം; നാവിക് കൂടുതൽ കരുത്താർജിക്കും

Monday 29 May 2023 12:17 PM IST

ചെന്നൈ: എൻ വി എസ് - 01 വിക്ഷേപണം വിജയം. രാവിലെ 10.42ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്ന് ജി എസ് എൽ വി മാർക്ക് ത്രീ റോക്കറ്റിലാണ് ഉപഗ്രഹത്തെ 251.52 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ദൗത്യം ഇരുപത് മിനിട്ടിൽ പൂർത്തിയായി.

2232കിലോ ഭാരമുള്ള ഉപഗ്രഹത്തിന് 12വർഷമാണ് ആയുസ്. ജി എസ് എൽ വി റോക്കറ്റിന്റെ പന്ത്രണ്ടാമത്തെ വിക്ഷേപണമാണിത്. ഐ ആർ എൻ എസ് എസ് പരമ്പരയിലെ നാവികിന്റെ ഏഴ് ഉപഗ്രഹങ്ങളും രണ്ട്‌ വർഷത്തിനുള്ളിൽ മാറ്റും. ഇതിൽ ആദ്യ ഉപഗ്രഹം ഐ ആർ എൻ എസ് എസ് 1എക്ക് പകരമുള്ളതാണ് ഇന്ന് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളെല്ലാം മാറ്റുന്നതോടെ നാവിക് കൂടുതൽ കൃത്യമാകും.

മറ്റ് ഡേറ്റാ തരംഗങ്ങളുടെയും കാലാവസ്ഥയുടേയും തടസങ്ങളെ അതിജീവിക്കാനും നാവികിനാകും. ഇതിന് എൽ.5 ബാൻഡ് ഫ്രീക്വൻസി ഡേറ്റാ വിനിമയ ട്രാൻസ്‌പോണ്ടറുകളാണ് ഉപയോഗിക്കുക. കൃത്യത കൂടുതൽ ഉറപ്പാക്കുന്ന അറ്റോമിക് ക്ളോക്ക് തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഡാറ്റാ കൈമാറ്റത്തിന് സെക്കൻഡിൽ 10ജിഗാബൈറ്റാണ് രണ്ടാംതലമുറ ഉപഗ്രഹങ്ങളുടെ ശേഷി. 2016മുതൽ 2018വരെയാണ് നാവികിനായി ഏഴ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.

ഇന്ത്യയുടെ സൈനിക ആവശ്യങ്ങൾക്കും മറ്റ് രാജ്യങ്ങളുടെ ഗതിനിർണ്ണയ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് രാജ്യത്തെ ചരക്ക് കടത്ത്, മൊബൈൽഫോൺ സേവനങ്ങൾ, കാർഷിക വിവരകൈമാറ്റം, ദുരന്തനിവാരണം,ടെലിമെഡിസിൻ, ഇ.ഗവേണൻസ്, ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങിയവയ്ക്കാണ് നാവിക് ഉപയോഗിക്കുന്നത്. ഇന്ത്യയ്ക്ക് ചുറ്റുമുള്ള 1500കിലോമീറ്ററാണ് നാവികിന്റെ പരിധി. അമേരിക്കയുടെ ജി.പി.എസ്, റഷ്യയുടെ ഗ്ളോനാസ്, യൂറോപ്യൻ യൂണിയന്റെ ഗലീലിയോ, ചെെനയുടെ ബേദൗ എന്നിവയാണ് നിലവിലുള്ള മറ്റ് ഗതിനിർണയ സംവിധാനങ്ങൾ.