സാങ്കേതിക തകരാറെന്ന് സംശയം; വ്യോമസേനയുടെ അപ്പാച്ചെ എഎച്ച് 64 ഹെലികോപ്ടർ അടിയന്തരമായി ഇറക്കിയത് പാടത്ത്

Monday 29 May 2023 1:44 PM IST

ഭോപ്പാൽ: വ്യോമസേനയുടെ ഹെലികോപ്‌റ്റർ പരിശീലന പറക്കലിനിടെ അടിയന്തമായി നിലത്തിറക്കി. വ്യോമസേനയുടെ അപ്പാച്ചെ എഎച്ച്-64 ഹെലികോപ്‌റ്ററാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് നിലത്തിറക്കിയത്. ഒരു കൃഷിസ്ഥലത്താണ് ഹെലികോപ്‌റ്റർ ലാൻഡ് ചെയ്‌തത്. പരിശീലന സെഷൻ പുരോഗമിക്കുന്നതിനിടെ സാങ്കേതിക തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. മദ്ധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം.

തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായതെന്നും വ്യോമസേന ഉദ്യോഗസ്ഥരുടെ സുരക്ഷയുറപ്പാക്കാൻ വേറൊരു ഹെലികോപ്റ്ററും സ്ഥലത്തെത്തിയെന്നുമാണ് പൊലീസ് നൽകിയ വിവരം. നിലവിൽ ഹെലികോപ്റ്ററിലെ എല്ലാവരും സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച മൾട്ടി റോൾ കോമ്പാറ്റ് ഹെലികോപ്‌റ്ററാണ് അപ്പാച്ചെ എഎച്ച്-64ഇ. നിലവിൽ 22 എണ്ണമാണ് ഇന്ത്യയ്‌ക്ക് സ്വന്തമായുള്ളത്. ബോയിംഗുമായുള്ള 2020ലെ കരാർ പ്രകാരം ആറെണ്ണം കൂടി എത്താനുണ്ട്.