പതിനാറുകാരിയെ കാമുകൻ കുത്തിക്കൊന്നത് അതിക്രൂരമായി, പതിനഞ്ചോളം തവണ കുത്തി, കൂറ്റൻ കല്ലെടുത്ത് നിരവധി തവണ തലയിലിട്ടു, പ്രതികരിക്കാതെ നാട്ടുകാർ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Monday 29 May 2023 2:36 PM IST

ന്യൂഡൽഹി: പതിനാറുകാരിയെ ആൺസുഹൃത്ത് അതിക്രൂരമായി കുത്തിക്കൊന്നു. ഡൽഹിയിലെ രോഹിണിയിൽ ഇന്നലെയായിരുന്നു സംഭവം. പതിനഞ്ചിലധികം തവണ കുത്തുകയും കല്ലുകൊണ്ട് പല തവണ തലയ്ക്കടിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ നിരവധി പേർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും യുവാവിനെ തടഞ്ഞില്ല. എല്ലാവരും സംഭവം കണ്ടിട്ട് ഭാവഭേദമൊന്നുമില്ലാതെ മന്ദഗതിയിൽ നടന്നുപോയി. അവസാനം സമീപത്ത് ഒരു നായ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. പെൺകുട്ടിയെ ആക്രമിച്ചതിന് പിന്നാലെ പ്രതി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി. ഇരുപതുകാരനായ സാഹിൽ ആണ് പിടിയിലായത്.

ഇന്നലെ വൈകിട്ട് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് യുവാവ് പെൺകുട്ടിയെ പതിനഞ്ചോളം തവണ കത്തികൊണ്ട് കുത്തി. ശരീരത്തിൽ തറച്ചുകയറിയ കത്തി കഷ്‌ടപ്പെട്ട് വലിച്ചൂരി വീണ്ടും കുത്തി. കൂറ്റൻ കല്ലെടുത്ത് പല തവണ തലയിലിട്ടു. തുടർന്ന് ഇയാൾ എഴുന്നേറ്റ് പോയി, പിന്നെയും തിരിച്ചുവന്ന് കല്ലെടുത്ത് തലയിലിടുകയും ചവിട്ടുകയും ചെയ്‌തു. 'ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇന്നലെ വൈകിട്ട് വഴക്കുണ്ടായി. സുഹൃത്തിന്റെ മകന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ പോകുംവഴിയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. ദൃക്സാക്ഷികളാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവ സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചനിലയിലുള്ള മൃതദേഹമാണ് കണ്ടത്. കൊലപാതകിക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.'- പൊലീസ് അറിയിച്ചു.